എഡിറ്റര്‍
എഡിറ്റര്‍
നിസ്സഹകരണ സമരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ ഡ്യൂട്ടി ബഹിഷ്‌കരിക്കും
എഡിറ്റര്‍
Monday 10th September 2012 12:50am

കൊച്ചി: എമേര്‍ജിങ് കേരളയുടെ ഭാഗമായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയടക്കമുള്ള വി.ഐ.പി കള്‍ക്ക് നല്‍കുന്ന ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരുങ്ങുന്നു. നിസ്സഹകരണ സമരത്തിന്റെ ഭാഗമാണ് ഈ ഡ്യൂട്ടി ബഹിഷ്‌കരണം.

Ads By Google

ഇന്നലെ എറണാകുളത്ത് ചേര്‍ന്ന കെ.ജി.എം.ഒ.എയുടെ അടിയന്തര സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതിന്റെ പേരില്‍ ശിക്ഷാനടപടി ഉണ്ടായാല്‍ ശക്തമായ സമരം തുടങ്ങും. ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും സര്‍ക്കാറായിരിക്കും ഉത്തരവാദിയെന്നും കെ.ജി.എം.ഒ യോഗത്തില്‍ അറിയിച്ചു.

കൊല്ലം ജില്ലകളില്‍ മാത്രം ഒതുങ്ങിയ സമരം വ്യാഴാഴ്ച മുതല്‍ സംസ്ഥാന വ്യാപകമാക്കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ ഈ മാസം 27 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്താനും യോഗത്തില്‍ തീരുമാനമായി. അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ അടുത്തമാസം ഒന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഒ. വാസുദേവന്‍ പറഞ്ഞു.

സത്‌നാംസിങ് സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് കെ.ജി. എം.ഒ.എ കഴിഞ്ഞ ദിവസം മുതല്‍ നിസ്സഹകരണ സമരം തുടങ്ങിയത്.

സത്‌നാംസിങ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരല്ലെന്ന് ഇതിനകം തന്നെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്മതിച്ചതാണെന്ന് വാസുദേവന്‍ പറഞ്ഞു. എന്നിട്ടും സര്‍ക്കാറിന്റെ മുഖംരക്ഷിക്കാന്‍ ഡോക്ടര്‍മാരെ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്.

നടപടി പിന്‍വലിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് മരവിപ്പിച്ച് മറ്റൊരു അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സംഘടനയുടെ ആവശ്യം.

Advertisement