എഡിറ്റര്‍
എഡിറ്റര്‍
ഓണത്തിന് 30% വിലകുറച്ച് പച്ചക്കറി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനം
എഡിറ്റര്‍
Friday 17th August 2012 12:51pm

തിരുവനന്തപുരം: ഓണക്കാലത്ത് വിപണി വിലയെക്കാള്‍ 30 ശതമാനം കുറവില്‍ പച്ചക്കറി വിപണനം ചെയ്യാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇതിനായി ഹോര്‍ട്ടികോര്‍പ് നേരിട്ടും സപ്ലൈകോയുമായി ചേര്‍ന്നും ജില്ലകള്‍ തോറും രണ്ടുവീതം റംസാന്‍-ഓണം പച്ചക്കറി വിപണന മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Ads By Google

98 ഔട്ട്‌ലെറ്റുകള്‍ വഴിയും സപ്ലൈകോയുടെ മാവേലിസ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ 55 പച്ചക്കറിസ്റ്റാളുകള്‍ വഴിയും വില്‍പനയുണ്ടാകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ ഹരിത മൊബൈല്‍ യൂണിറ്റുകള്‍ വഴിയും പച്ചക്കറി വില്‍പ്പനയുണ്ടായിരിക്കും.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഇപ്പോഴുള്ള 32 റീട്ടെയ്ല്‍ മാര്‍ക്കറ്റുകള്‍ കൂടാതെ 118 എണ്ണം കൂടി മൂന്ന് ദിവസത്തിനകം ആരംഭിക്കും. 3,000 ടണ്‍ ഏത്തക്കായും 1,500 ടണ്‍ പച്ചക്കറിയും കൗണ്‍സില്‍ ഓണത്തിന് തയാറാക്കിയിട്ടുണ്ട്.

റസിഡന്റ്‌സ് അസോസിയേഷനുകളില്‍ മുന്‍നിശ്ചയിച്ച പ്രകാരം പച്ചക്കറി വില്‍ക്കും. മുന്‍കൂര്‍ പണമടക്കുന്ന റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് ഓണത്തിന് ആവശ്യമുള്ള പച്ചക്കറി എത്തിച്ചുകൊടുക്കും. ഇടുക്കി, പാലക്കാട്, എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളിലെ കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് പച്ചക്കറി സംഭരിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കൃഷിമന്ത്രി കെ.പി. മോഹനന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement