തിരുവന്തപുരം: കോഴിക്കോട് ഗവ.എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി നിര്‍മ്മല്‍ മാധവിനെ കോളജില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പകരം സീറ്റ് ഒഴിവുള്ള പാലക്കാട്, കൊല്ലം എന്നീ ജില്ലകളിലെ ഏതെങ്കിലും എയ്ഡഡ് കോളജുകളിലോ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജിലോ നിര്‍മലിനെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ കേളേജില്‍ ഇനി പഠിപ്പിക്കേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്.

നിര്‍മ്മല്‍ മാധവുമായും കോഴിക്കോട് കളക്ടര്‍ പി.വി.സലീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ തീരുമാനം. ചര്‍ച്ചയില്‍ തിരുവനന്തപുരത്തോ, കൊല്ലത്തോ, പത്തനം തിട്ടയിലോ പഠിക്കാന്‍ തയ്യാറാണെന്ന നിര്‍മല്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മല്‍ മാധവന് കൂടി താല്പര്യമുള്ള ഏതെങ്കിലും എയ്ഡഡ് കോളജുകളിലോ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജിലേക്കോ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ന് തിരുവനന്തപുരത്ത് എത്തിയ കോഴിക്കോട് കളക്ടര്‍ പി.വി സലീമുമായി മുഖ്യമന്ത്രി പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് കളക്ടര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. വിഷയത്തില്‍ സംസ്ഥാന വ്യാപകമായി ഇടത് സംഘടനകള്‍ നടത്തുന്ന പ്രതിഷേധസമരങ്ങള്‍ അക്രമാവസ്തയിലേക്ക് നീങ്ങുന്നതും സര്‍ക്കാര്‍ തീരുമാനത്തിന് കാരണമായിട്ടുണ്ട്. കുടാതെ നിര്‍മല്‍ മാധവന്റെ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പരിഹാരം കാണാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിപ്പിച്ചു.