എഡിറ്റര്‍
എഡിറ്റര്‍
ചീഫ് വിപ്പ് പ്രതിപക്ഷ എം.എല്‍.എമാരെ തെണ്ടികളെന്നുവിളിച്ച് അപഹസിച്ചു: കോടിയേരി
എഡിറ്റര്‍
Thursday 7th February 2013 11:42am

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പ്രതിപക്ഷ എം.എല്‍.എമാരെ തെണ്ടികളെന്ന് വിളിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

Ads By Google

സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഇത്തരത്തിലാണോ കാണുന്നത്. തെണ്ടികളെന്ന് വിളിച്ച് ചീഫ് വിപ്പ് പ്രതിപക്ഷ എംഎല്‍എമാരെ അപഹസിക്കുകയാണ് ചെയ്തത്.

ഇത്രയും സംസ്‌ക്കാര ശൂന്യനായ ആളാണ് സര്‍ക്കാര്‍ ചീഫ് വിപ്പായി ഇരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. മാനഭിമാനമുള്ളവര്‍ കേട്ടുനില്‍ക്കാന്‍ അറയ്ക്കുന്ന ഭാഷയാണ് ചീഫ് വിപ്പിന്റെ വായില്‍ നിന്നും വരാറുള്ളത്.

ഇത്തരത്തില്‍ ഭരണപക്ഷം പ്രതിപക്ഷത്തെ നിരന്തരം അധിക്ഷേപിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പങ്കുളള പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

എം.എല്‍.എമാര്‍ നല്‍കിയ പരാതിയില്‍ പൊലീസുകാരുടെ പേരില്ലെന്ന വിചിത്രമായ ന്യായമാണ് സര്‍ക്കാര്‍ പറയുന്നത്. പൊലീസുകാരുടെ എല്ലാവരുടെയും പേരുകള്‍ എം.എല്‍.എമാര്‍ക്കല്ല, പൊലീസുകാര്‍ക്കാണ് അറിയാന്‍ കഴിയുക.

സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ പേരുകള്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ കാണും. അവര്‍ക്കെതിരെ ഉടന്‍ നടപടിവേണമെന്നും അല്ലാതെ വിട്ടുവീഴ്ചയില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം വനിതാ എം.എല്‍.എമാരെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

കെ.കെ.ലതിക, ഐഷാ പോറ്റി, ജമീല പ്രകാശം തുടങ്ങിയ വനിതാ എം.എല്‍.എമാര്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തെത്തി പ്രതിഷേധിച്ചു.

കുറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

Advertisement