തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യും. ഇതിനായി 130 കോടി രൂപ കെ.എസ്.ആര്‍.ടി.സിയ്ക്ക് അനുവദിച്ചു. എല്ലാ മാസവും നല്‍കുന്ന 30 കോടി രൂപയ്ക്ക് പുറമെയുള്ള ഈ തുക ചൊവ്വാഴ്ച തന്നെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് പെന്‍ഷന്‍കാര്‍ ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല ധര്‍ണ്ണ ആരംഭിച്ചിരുന്നു. നാല് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് ഉള്ളത്. ഒരുമാസത്തെ പെന്‍ഷനും ശമ്പളവും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വിതരണം ചെയ്യുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.


Also Read: ‘നോട്ട് നിരോധന വിജ്ഞാപനം മൂന്ന് വരി ഉത്തരവ് കൊണ്ട് റദ്ദാക്കാന്‍ പ്രേരിപ്പിക്കരുത്’; അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കണമെന്നും കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി


മാസത്തില്‍ കൃത്യമായി പെന്‍ഷന്‍ തുക ലഭ്യമാക്കുന്ന രീതി ഈ വരുന്ന ഓണക്കാലത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ കിട്ടാതെ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശി വിജയകുമാറിന്റെ അവസ്ഥ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രശ്‌നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്നു തോമസ് ഐസക് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. അതിനുശേഷം ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കും. പെന്‍ഷന്‍ മുടങ്ങുന്നതുമൂലം പെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളോടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.