എഡിറ്റര്‍
എഡിറ്റര്‍
ചെറുനെല്ലി കേസ് തോറ്റുകൊടുക്കാന്‍ സര്‍ക്കാര്‍ വക്കീലിന്റെ ശ്രമം, വനം വകുപ്പ് എതിര്‍ത്തു
എഡിറ്റര്‍
Wednesday 8th August 2012 2:59pm

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റ് അടക്കമുള്ള വനം കേസുകള്‍ തോറ്റുകൊടുക്കാന്‍ അഡ്വ.ജനറല്‍ ഓഫീസിലെ വനം സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ മാധവന്‍ കുട്ടിയുടെ ശ്രമത്തിനെതിരെ വനം വകുപ്പ് രംഗത്ത്. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ വനം വകുപ്പ് ഫയല്‍ ചെയ്യാന്‍ തയ്യാറാക്കി നല്‍കിയ എതിര്‍ സത്യവാങ്മൂലം നിരവധി പിഴവുകളും അപാകതകളും നിറഞ്ഞതായിരുന്നു. അതില്‍പ്പലതും കേസ് തോല്‍ക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് കത്ത് നല്‍കി.

Ads By Google

വനം വകുപ്പുദ്യോഗസ്ഥര്‍ നല്‍കിയ വിശദാംശങ്ങള്‍ വെട്ടിമാറ്റി ചുരുക്കിയ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ വക്കീല്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ വക്കീല്‍ ‘വിട്ടുപോയ’ വാദങ്ങള്‍ അക്കമിട്ട് നിരത്തി ബദല്‍ സത്യവാങ്മൂലം തയ്യാറാക്കിയാണ് വനം വകുപ്പ് കേസ് തോല്‍പ്പിക്കാനുള്ള നീക്കത്തെ തടഞ്ഞത്. വനം കേസുകള്‍ നല്ല രീതിയില്‍ നടത്താനുള്ള മാധവന്‍ കുട്ടിയുടെ കഴിവിനെയും വനം വകുപ്പ് ചോദ്യം ചെയ്യുന്നുണ്ട്.

വനം വകുപ്പ് നല്‍കിയ മറുപടി സത്യവാങ്മൂലമാണ് കൂടുതല്‍ അനുയോജ്യമെന്ന തീരുമാനമെടുത്ത സര്‍ക്കാര്‍ അത് ഫയല്‍ ചെയ്യുന്നതിനായി എ.ജിയുടെ ഓഫീസില്‍ എത്തിച്ചു. എന്നാല്‍ ഇത് താന്‍ തയ്യാറാക്കിയതില്‍ നിന്നും വ്യത്യസ്തമായതാണെന്നും ഇത് അതേപടി ഫയല്‍ ചെയ്യാനാകില്ലെന്നും മാധവന്‍ കുട്ടി എ.ജിയെ അറിയിച്ചു.

ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വക്കീലും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ നാളെ നിയമവകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വനം സ്‌പെഷ്യല്‍ പ്ലീഡര്‍ മാധവന്‍ കുട്ടിയുടെയും യോഗം വിളിച്ചിരിക്കുകയാണ്.

എന്‍.എസ്.എസ്സിന്റെ നോമിനിയാണ് വനം സ്‌പെഷ്യല്‍ ഗവ.പ്ലീഡര്‍ മാധവന്‍കുട്ടി. ഇയാളെ മാറ്റാനുള്ള വനം മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിനു മുന്‍പില്‍ നിയമവകുപ്പ് മൗനം പാലിക്കുകയാണ്. ചെറുനെല്ലി കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതുമായി കൂട്ടി വായിച്ചാല്‍ കേസ് അട്ടിമറിക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കം തുടരുന്നു എന്ന് വേണം മനസിലാക്കാന്‍.

Advertisement