Categories

കോഴിക്കോട് പട്ടയവിതരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂരഹിതരെ വഞ്ചിച്ചു

adoor-prakash1

കോഴിക്കോട്: പട്ടയവിതരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂരഹിതരെ വഞ്ചിച്ചെന്ന് ആരോപണം. കോഴിക്കോട് കാക്കൂരില്‍ ഭൂരഹിതര്‍ക്ക് നല്‍കിയ ഭൂമി ജനവാസയോഗ്യമല്ലെന്നും മൊട്ടക്കുന്നാണെന്നും  സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നും ഭൂരഹിതര്‍.

പാറകള്‍ നല്‍കിയ ഭൂമിയില്‍ ജലമോ വൈദ്യുതിയോ ഇല്ല.  ഡിസംബറില്‍ കോഴിക്കോട് നടന്ന പട്ടയമേളയിലാണ് 300 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ്  ഭൂമിയുടെ പട്ടയം അനുവദിച്ചത്. റവന്യു മന്ത്രി അടൂര്‍ പ്രകാശ് ആയിരുന്നു പട്ടയവിതരണം നടത്തിയത്.

കാക്കൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട റീസര്‍വേനമ്പര്‍ 18/IAIAIAയില്‍പ്പെട്ട സ്ഥലമാണ് ഇതിനായി റവന്യു വകുപ്പ് കണ്ടെത്തിയത്. പട്ടയം ലഭിച്ചവരോട് ജനവരി ഒന്നിന് കാക്കൂര്‍ വില്ലേജില്‍ ഹാജരാകാനും അന്ന് തന്നെ സര്‍വേ നടത്തി ഭൂമി വിട്ട് നല്‍കുമെന്നുമാണ് പട്ടയം നല്‍കിയപ്പോള്‍ അറിയിച്ചത്.

സര്‍വേ നടപടികളുടെ ആദ്യഘട്ടത്തില്‍ അഗതികള്‍, വികലാംഗര്‍, രോഗികള്‍ തുടങ്ങിയവരടങ്ങുന്ന 125 കുടുംബങ്ങളെയാണ് പരിഗണിച്ചത്. ബാക്കി കുടൂംബങ്ങളോട് വരുംദിവസങ്ങളില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

വിവിധ പ്ലോട്ടുകളായി തിരിച്ചാണ് താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസിലെയും  ഉദ്യോഗസ്ഥരും സര്‍വേ വിഭാഗവും അളന്ന് നല്‍കല്‍ നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കുന്നിന്റെ മുകള്‍ ഭാഗത്താണ് ഭൂമിയുള്ളത്.

പലരും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം തങ്ങള്‍ക്ക് ലഭിച്ച ഭൂമി കുന്ന് കയറി കാണാന്‍ കഴിയാത്തവരായിരുന്നു. വാസയോഗ്യമല്ലാത്ത പ്രദേശത്ത് ഭൂമി സ്വീകരിക്കാന്‍ ഭൂരിഭാഗം കുടുംബാങ്ങളും വിസമ്മതിക്കുകയും പ്രതിഷേധവുമായി വില്ലേജ് ഓഫീസിലേക്ക് എത്തുകയും ചെയ്തു.

എന്നാല്‍ സ്ഥിരം വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ പരാതി നല്‍കി മടങ്ങിപ്പോകാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ല. തുടര്‍ന്ന് താലൂക്കില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാലന്‍ സ്ഥലത്തെത്തി പരാതിക്കാരുമായി ചര്‍ച്ച നടത്തി.

പരാതികള്‍ പരിഹരിക്കാന്‍ ഉചിത നടപടികള്‍കൈക്കൊള്ളും എന്ന ഉറപ്പിന്‍മേലാണ് പരാതിക്കാര്‍ പ്രതിഷേധസമരം അവസാനിപ്പിച്ചത്. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്ന ഭൂമി വാസയോഗ്യമാണോയെന്ന് പ്രഥാമിക പരിശോധന പോലും നടത്തിയില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.

Tagged with: |