telicom-in-indiaന്യൂദല്‍ഹി: നവംബര്‍ ഒന്നുമുതല്‍ ജമ്മു കാശ്മീരില്‍ പുതിയ പ്രീ പെയ്ഡ് മൊബൈല്‍ കണക്ഷന്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. പുതിയ കണക്ഷന്‍ നല്‍കുന്നതിനും പഴയവ പുതുക്കുന്നതിനും നിരോധനമേര്‍പ്പെടുത്തും. താഴ്വരയില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് തീവ്രവാദികള്‍ മൊബൈല്‍ കണക്ഷനുകള്‍ കൈക്കലാക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇതു സംബന്ധിച്ച് ആവശ്യമായ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രീപെയ്ഡ് കണക്ഷനുകള്‍ നല്‍കുമ്പോള്‍ കാര്യമായ വെരിഫിക്കേഷന്‍ നടപടികള്‍ നടത്താറില്ലെന്നും ഇത് തീവ്രവാദികള്‍ക്ക് സൗകര്യമാകുമെന്നും ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.