ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ടെലികോം മന്ത്രി എ. രാജക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സ്‌പെക്ട്രം ഇടപാടു വഴി രാജ പൊതുഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അതുകൊണ്ട് സി.ബി.ഐ. അന്വേഷണം നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്യാന്‍ സി.എ.ജിക്ക് അധികാരമില്ലെന്നും ടെലികോം മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

2 ജി സ്‌പെക്ട്രം അഴിമതി ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹര്‍ജിയിലാണ് രാജയെ ന്യായീകരിച്ച് കേന്ദ്രം രംഗത്തെത്തിയത്.

1999ലെ ദേശീയ ടെലികോം നയം അനുസരിച്ചാണു രാജ പ്രവര്‍ത്തിച്ചതെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2003മുതല്‍ തന്നെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സ്‌പെക്ട്രം അനുവദിച്ചു വരുന്ന പതിവാണുള്ളത്. ഇതു തന്നെയാണ് രാജയും പിന്തുടര്‍ന്നത്. അതില്‍ യാതൊരു തരത്തിലുമുള്ള അപാകതയുമില്ല.

2008ല്‍ രാഷ്ട്രത്തിന്റെ സ്വത്തായ സ്‌പെക്ട്രം ടെലികോം മന്ത്രിയായ രാജ കുറഞ്ഞ മൂല്യത്തിനു ചില ഓപ്പറേറ്റര്‍മാര്‍ക്കു നല്‍കുകയായിരുന്നുവെന്നും ഇതുവഴി ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും ഇടപാടുമായി ബന്ധപ്പെട്ട് നിയമ, ധനമന്ത്രാലയങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളും ഉപദേശങ്ങളും രാജ മറികടന്നുവെന്നുമാണ് സി.എ.ജി. കണ്ടെത്തിയത്.

അതേസമയം രാജ സ്ഥാനമൊഴിയുന്ന പ്രശ്‌നമില്ലെന്ന് ഡി.എം.കെ. നേതൃത്വം പ്രസ്താവിച്ചു. ട്രായിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമാണ് അദ്ദേഹം 2 ജി സ്‌പെക്ട്രം അനുവദിച്ചത്. പിന്നെന്തിന് അദ്ദേഹം രാജിവയ്ക്കണംഡി.എം.കെ. വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ പറഞ്ഞു.