തിരുവനന്തപുരം: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകതൊഴിലാളിക്ക് 300 രൂപ മാത്രം പെന്‍ഷന്‍ ലഭിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അലവന്‍സായി സര്‍ക്കാര്‍  നല്‍കുന്നത് ലക്ഷങ്ങള്‍. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്‍തലമുറക്കാരനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജക്ക് അടക്കം രാജകുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക അലവന്‍സ് 8,89,200 രൂപയാണ്. ഇതില്‍ തിരുവിതാംകൂര്‍ രാജ്യം ഭരിച്ചിരുന്ന ഏറ്റവും ഒടുവിലത്തെ രാജാവായ ശ്രീ ചിത്തിരതിരുനാളിന്റെ പിന്‍ഗാമിയായ ഉത്രാടം തിരുന്നാളിനാണ് അലവന്‍സ് ഏറ്റവും കൂടുതല്‍. 4,91,400 രൂപ. മറ്റുള്ളവര്‍ക്ക് ഒരു ലക്ഷത്തില്‍ താഴെയാണ് അലവന്‍സ്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2010 ജനുവരി 16ന് സംസ്ഥാന പൊതുഭരണവകുപ്പിന്റെ ഉത്തരവിലൂടെ പുതുക്കിയ അലവന്‍സുകളാണിത്. 30 ശതമാനം വര്‍ധനവാണ് അന്ന് വരുത്തിയത്. ഉത്രാടം തിരുനാളിന് 3,78,000 രൂപയായിരുന്നു വാര്‍ഷിക അലവന്‍സ്. മറ്റ് രാജകുടുംബങ്ങളുടെ വാര്‍ഷിക അലവന്‍സ്- ലക്ഷ്മിഭായി -85,800, ഗൗരി ലക്ഷ്മി ഭായി-39,000, മൂലം തിരുനാള്‍ രാജവര്‍മ്മ-78,000, രുഗ്മിണി ഭായി- 39,000, പാര്‍വ്വതി ഭായി-39,000, ലക്ഷമി ഭായി-39,000 എന്നിങ്ങിനെയാണ്.

നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ സംയോജിച്ചപ്പോള്‍ 1949 ജുലൈ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി രാജകുടുംബാംഗങ്ങള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് വി.പി മേനോനുമായി ഉണ്ടാക്കിയ കവന്റ്(ഉടമ്പടി) പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോഴും പണം നല്‍കുന്നത്. എന്നാല്‍ 1971 ല്‍ 26ാം ഭരണഘടനാ ഭേദഗതിയിലൂടെ മുന്‍രാജാക്കന്‍മാര്‍ക്കുള്ള പ്രിവിപഴ്‌സ് നിര്‍ത്തലാക്കിയപ്പോള്‍ അവരുടെ പ്രത്യേക അവകാശങ്ങളെല്ലാം ഇല്ലാതാക്കിയിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന ഈ ഭരണഘടനാ ഭേദഗതി സ്വാതന്ത്ര്യ സമ്പാദന കാലത്ത് തങ്ങളുണ്ടാക്കിയ കരാറിനെതിരാണെന്ന് മുന്‍ രാജകുടുംബാംഗങ്ങള്‍ വാദിച്ചിരുന്നു.

രഘുനാഥ് റാവു, ഗണപതി റാവു, മുന്‍ മൈസൂര്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹ രാജവെഡിയാര്‍ തുടങ്ങിയവര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഭരണഘടനാ ഭേദഗതിയിലൂടെ ജനങ്ങളുടെ അഭിലാഷണാണ് പാര്‍ലിമെന്റ് പ്രകടിപ്പിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ 291,362 ആര്‍ട്ടിക്കുകളില്‍ ഇതുള്‍പ്പെടുത്തിക്കഴിഞ്ഞിരുന്നുവെന്നും 26ാം ഭരണഘടനാ ഭേദഗതിയോടെ മുന്‍ രാജാക്കന്‍മാരുടെ എല്ലാ അവകാശങ്ങളും ഇല്ലാതായെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ നേരത്തെയുണ്ടാക്കിയ ഉടമ്പടി നിലനില്‍ക്കുന്നതല്ലെന്നും രാജാക്കന്‍മാര്‍ക്ക് ഒരു അവകാശവുമില്ലെന്നും 1993ലെ വിധിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുന്നു. ഇതെ തുടര്‍ന്നാണ് സംസ്ഥാന പൊതുഭരണ വകുപ്പ് എക്‌സിക്യുട്ടീവ് ഓര്‍ഡറിലൂടെ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് വാര്‍ഷിക അലവന്‍സ് നല്‍കുന്നത്. കൊച്ചി രാജകുടുംബാംഗങ്ങള്‍ക്ക് മാലിബാന്‍ എന്ന പേരിലും പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുന്നുണ്ട്.