munnarമൂന്നാര്‍: മൂന്നാറില്‍ ചെറുകിട കയ്യേറ്റങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ നടപടി തുടങ്ങി. കല്ലാര്‍ അറുപതാം മൈലില്‍ പൊതുസ്ഥലം കയ്യേറിയ ബയോവാലി സ്‌പൈസ് പ്ലാന്റേഷന്റെ കെട്ടിടം പൊളിച്ചുമാറ്റി. ജെ.സി.ബി ഉപയോഗിച്ച് നാഷണല്‍ ഹൈവേ അധികൃതരുടെ നേതൃത്വത്തിലാണ് കയ്യേറ്റം പൊളിച്ച് നീക്കിയത്.

കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അനുകൂല നിലപാട് ഉണ്ടാകാതിരുന്നതിനാലാണ് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറഞ്ഞു. എറണാകുളം സ്വദേശി മേരിയുടെ പേരിലുള്ളതാണ് കെട്ടിടം.

ദേവികുളം കച്ചേരി സെറ്റില്‍മെന്റില്‍ ആരോഗ്യവകുപ്പിന്റെ 10 സെന്റ് സ്ഥലം കൈയേറി നിര്‍മിച്ച രണ്ടു ഷെഡ്ഡുകള്‍ ഇന്നലെ വൈകിട്ടോടെ റവന്യൂ അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. സബ് കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെ നിര്‍ദേശപ്രകാരമാണു നടപടി.