Categories

മാനേജ്‌മെന്റ് അസോസിയേഷനുമായി ധാരണ; ഇന്റര്‍ ചര്‍ച്ച് ഇടഞ്ഞു തന്നെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റ് അസോസിയേഷനും സര്‍ക്കാറും ധാരണയിലെത്തി. സ്വാശ്രയ കോളജുകളില്‍ 50 ശതമാനം സീറ്റുകള്‍ മാനേജുമെന്റുകള്‍ സര്‍ക്കാറിന് വിട്ടു നല്‍കും. ഫീസ് വര്‍ധനയുണ്ടാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 കുട്ടികളെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കും.

അതേസമയം നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷവും ഇന്‍ര്‍ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ധാരണയിലെത്തിയില്ല. പ്രവേശന നടപടികളുമായി മുന്നോട്ട് പോയതിനാല്‍ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ സര്‍ക്കാരിനെ അറിയിച്ചു.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നും സാമൂഹ്യനീതി നടപ്പാക്കാന്‍ അവര്‍ തയാറാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കൗണ്‍സിലുമായി വീണ്ടും ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.

11 മെഡിക്കല്‍ കോളജുകള്‍ അടങ്ങിയ സ്വാശ്രയമെഡിക്കല്‍ മാനേജുമെന്റാണ് സര്‍ക്കാറുമായി ധാരണയിലെത്തിയത്. സീറ്റുകളില്‍ 15ശതമാനം പൊതുമെറിറ്റിലും, 15ശതമാനം സാമുദായിക ക്വാട്ടയിലുമായിരിക്കും.

15 സീറ്റുകള്‍ ഒ ബി സി , ബി പി എല്‍, എസ് സി വിഭാഗങ്ങള്‍ക്ക് നല്‍കും. അഞ്ച് സീറ്റുകള്‍ പട്ടിക വര്‍ഗ വിഭാഗത്തിനായിരിക്കും. ഓരോ കോളജിലും സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന 20 കുട്ടികള്‍ക്ക് 25000 രൂപ ഫീസില്‍ പഠിക്കാന്‍ അവസരം ലഭിക്കും. 25000രൂപ മുതല്‍ 138000രൂപവരെയായിരിക്കും സര്‍ക്കാര്‍ സീറ്റിലെ ഫീസ്. മാനേജുമെന്റ് സീറ്റില്‍ 5.5ലക്ഷവും, എന്‍.ആര്‍.ഐ സീറ്റില്‍ 9ലക്ഷം രൂപയുമാണ് ഫീസ്.

കേരളത്തിന്റെ പൊതുവികാരം മാനിച്ചും, സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുമാണ് ഫീസ് സീറ്റ് വിഷയങ്ങളില്‍ ധാരണയിലെത്താന്‍ തീരുമാനിച്ചതെന്ന് മെഡിക്കല്‍ മാനേജുമെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.