എഡിറ്റര്‍
എഡിറ്റര്‍
ഇത്ര മോശമായ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനം വേറെയില്ലെന്ന് ഗൗരിയമ്മ
എഡിറ്റര്‍
Monday 31st March 2014 10:22am

gouriyamma.

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ രംഗത്ത്. ഇത്ര മോശമായ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനം വേറെയില്ലെന്നാണ് ഗൗരിയമ്മ പറഞ്ഞിരിക്കുന്നത്.

തന്റെ ഓഫീസില്‍ സരിതയും ജോപ്പനും രണ്ട് വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന മോശം കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല. സ്വന്തം ഓഫീസിലെ കാര്യങ്ങള്‍ കാണാതിരുന്ന മുഖ്യമന്ത്രി എങ്ങനെ ജനത്തെ ഭരിക്കുമെന്നും ഗൗരിയമ്മ ചോദിച്ചു.

ആലത്തൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.കെ ബിജുവിന്റെ പ്രചരണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അത്തരക്കാരെ ഒരു നിമിഷം പോലും ഓഫീസില്‍ വച്ചിരിക്കില്ല.  മുഖ്യമന്ത്രിക്ക് തന്റെ ഓഫീസിലുള്ളവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

ഇന്ന് നേരം വെളുത്താല്‍ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും അഴിമതിക്കഥകള്‍ മാത്രമേ കേള്‍ക്കാനുള്ളു എന്നും ഗൗരിയമ്മ ആരോപിച്ചു.

ഇത്ര രൂക്ഷമായ കോടതി പരാമര്‍ശങ്ങള്‍ മറ്റൊരു മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായിട്ടില്ലെന്ന് ഗൗരിയമ്മ ഇന്നലെ പറഞ്ഞിരുന്നു. നാണമില്ലെങ്കില്‍ മാത്രം അദ്ദേഹത്തിന് അധികാരത്തില്‍ തുടരാമെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്.

പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്നും ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

Advertisement