തിരുവനന്തപുരം: കെ.ആര്‍. ഗൗരിയമ്മയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍്ട്ടിയില്‍ ചരിത്രപരമായ സ്ഥാനമാണുള്ളതെന്ന് ഡോ.തോമസ് ഐസക്. ആ ബഹുമാനം പാര്‍ട്ടി ഗൗരിയമ്മയ്ക്കും കൊടുക്കും. മുമ്പ് നൃപന്‍ ചക്രവര്‍ത്തിക്ക് പാര്‍ട്ടി ഈ ബഹുമാനം കൊടുത്തിട്ടുണ്ട്. ഗൗരിയമ്മയെ സി.പി.ഐ.എമ്മില്‍ എടുക്കണമോയെന്ന പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്‍.എഡി.എഫിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് ഐസക് പറഞ്ഞു. ഇക്കാര്യം അധികകാലം നീട്ടിക്കൊണ്ട് പോകില്ല. ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ നിലപാടിനോട് സി.പി.ഐ.എമ്മിന് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍ ത്രിപുര മുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തിയെ അവസാന കാലത്ത് പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയായിരുന്നു.

അതേസമയം ഗൗരിയമ്മയുടെ വിഷയത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ഇത് യു.ഡി.എഫിന് ഗുണമാകുമെന്ന് സി.പി.ഐ.എം കണക്കുകൂട്ടുന്നത്. ജെ.എസ്.എസ് നേതാക്കളില്‍ ചിലര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിനും പെട്ടൊന്നൊരു തീരുമാനമെടുക്കുന്നത് വഴിയൊരുക്കുമെന്ന് സി.പി.ഐ.എം കണക്കുകൂട്ടുന്നുണ്ട്.

കമ്യൂണിസ്റ്റു നേതാവും ഒന്നാമത് കേരളമന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ഗൗരിയമ്മ 1993ല്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച സര്‍ക്കാറില്‍ മന്ത്രിയായിരുന്നു. എന്നാല്‍ 2006ലെ തിരഞ്ഞെടുപ്പില്‍ അരൂരില്‍ തോറ്റതോടെയാണ് ഗൗരിയമ്മയുടെ കോണ്‍ഗ്രസും ഇടയുന്നത്. തന്നെ കോണ്‍ഗ്രസ് കാലുവാരുകയായിരുന്നുവെന്നാണ് ഗൗരിയമ്മയുടെ പരാതി.

ഇതെ തുടര്‍ന്ന്് മുന്നണിയില്‍ അവഗണിക്കപ്പെട്ട് തുടരേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ലഭിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടിയെ തയ്യാറാവുന്നതും ഇതേ കാരണം കൊണ്ടാണ്. ഈ അവസരം മുതലെടുത്ത് ഗൗരിയമ്മയെ എല്‍.ഡി.എഫ് പാളയത്തിലെത്തിക്കാന്‍ കുറച്ചുകാലമായി സി.പി.ഐ.എം ശ്രമം തുടങ്ങിയിട്ടുണ്ട്.