മോസ്‌കോ: സോവിയറ്റ് യൂണിയന്റെ തകര്‍ച്ച രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികം ആചരിക്കവെയാണ് ഗോര്‍ബച്ചേവ് ഇങ്ങനെ പറഞ്ഞത്.
സോവിയറ്റ് യൂണിയന്റെ വൈസ് പ്രസിഡന്റും രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബി മേധാവിയും പ്രതിരോധ മന്ത്രിയുമായിരുന്ന ഗെന്നഡി സ്യൂഗാനോവാണ് രാജ്യത്തെ തീവ്ര കമ്മ്യൂണിസ്റ്റുകളും റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബോറിസ് യെത്സിനുമായി ചേര്‍ന്ന് 1991 ആഗസ്റ്റ് 19 ന് അട്ടിമറിക്ക് നേതൃത്വം നല്‍കിയതെന്ന് ഗോര്‍ബച്ചേവ് ആരോപിച്ചു.

പ്രസിഡന്റായിരുന്ന ഗോര്‍ബച്ചേവിനെ ഇവര്‍ ബ്ലാക്ക് സീയിലെ വസതിയില്‍ തടങ്കലിലാക്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യൂണിയന്റെ ഘടനയില്‍ മാറ്റം വരുത്തികൊണ്ടുള്ള കരാര്‍ ആഗസ്റ്റ് 20 ന് ഒപ്പുവെക്കാനിരിക്കെയാണ് രാജ്യത്ത് അട്ടിമറിയുണ്ടായത്. അര്‍ദ്ധ ഫെഡറല്‍ സമ്പ്രദായത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്നത് തടയാന്‍ വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നായിരുന്നു സ്യൂഗനോവ് പറഞ്ഞിരുന്നത്.

പ്രക്ഷോഭം തുടങ്ങി മൂന്നാം ദിവസം ബോറിസ് യെല്‍സിന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചതോടെ ഗോര്‍ബച്ചോവിന് അധികാരത്തിലുണ്ടായിരുന്ന സ്വാധീനം പൂര്‍ണ്ണമായും നഷ്ടമായി. ഇതോടെ യൂണിയനില്‍ അംഗമായിരുന്ന വിവിധ റിപ്പബ്ലിക്കുകളില്‍ വിഘടനവാദം ശക്തമാവുകയും നാല് മാസത്തിനകം യൂനിയന്‍ പിരിച്ച് വിട്ട് യെല്‍സിന്‍ ഫെഡറേഷന്റെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

‘യെല്‍സിനെ രാഷ്ട്രീയത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നെങ്കില്‍ എന്ന് പിന്നീട് തോന്നിയിരുന്നു. അധികാരത്തോട് അത്രമാത്രം ആര്‍ത്തിയുള്ള നേതാവായിരുന്നു അയാള്‍. ഏതെങ്കിലും രാജ്യത്തെ സ്ഥാനപതിയായി ആദ്യമേ നിയമിച്ചിരുന്നെങ്കില്‍ ഹുക്കയും വലിച്ച് അവിടെ ഇരിക്കുമായിരുന്നു.’ ഗോര്‍ബച്ചേവ് പറഞ്ഞു.

1991 മാര്‍ച്ചില്‍ നടത്തിയ ജനഹിത പരിശോധനയില്‍ യൂണിയനായി തുടരണമെന്നായിരുന്നു ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ഇത് അട്ടിമറിക്കപ്പെട്ടുവെന്നും ഗോര്‍ബച്ചേവ് പറഞ്ഞു. യൂണിയനെ മന:പൂര്‍വ്വം ഇല്ലാതാക്കാന്‍ റഷ്യന്‍ റിപ്പബ്ലിക്കിന്റെ നേതാക്കളോടൊപ്പം സ്യൂഗാനോവും പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അന്നത്തെ യു.എസ് പ്രസ്ഡന്റായിരുന്ന ജോര്‍ജ്ജ് ബുഷ് അട്ടിമറിയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ താന്‍ അത് വിശ്വസിച്ചില്ലെന്നും ഗോര്‍ബച്ചേവ് പറഞ്ഞു. ‘അത്തരമൊരു ഭ്രാന്തന്‍ നടപടിയിലേക്ക് തിരിയണമെങ്കില്‍ അത്രമാത്രം വിഡ്ഢികളായിരിക്കണമെന്നാണ് താന്‍ കരുതിയത്. അവര്‍ വിഡ്ഢികളായിരുന്നെന്ന് പിന്നീട് മനസ്സിലായി. താന്‍ അടക്കമുള്ളവര്‍ അര്‍ദ്ധ വിഡ്ഢികളുമായി’. അദ്ദേഹം പറഞ്ഞു.

1917 ലെ റഷ്യന്‍ വിപ്ലവത്തെതുടര്‍ന്ന് 1922 ലാണ് സോവിയറ്റുകളുടെ യൂണിയന്‍ നിലവല്‍ വന്നത്. 1985 ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഗോര്‍ബച്ചേവ് 1988 ല്‍ യൂണിയന്റെ പ്രസിഡന്റായി ചുമതലേയേറ്റു. പാര്‍ട്ടിക്ക് വേണ്ടി ഗോര്‍ബച്ചേവ് നടത്തിയ പരിഷ്‌കാരങ്ങള്‍ ധാരാളം എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. ഈ പരിഷ്‌കാരങ്ങളാണ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ആരോപണവുമുയര്‍ന്നിരുന്നു.