ലഖ്‌നൗ: യു.പിയിലെ ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 16 കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ഇതോടെ, ഇവിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 16 കുഞ്ഞുങ്ങളാണ് മരിച്ചത്. ജപ്പാന്‍ ജ്വരമാണ് കുഞ്ഞുങ്ങളുടെ മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഓക്‌സിജന്‍ കിട്ടാതെ അറുപതോളം കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവത്തിനുശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എങ്ങുമെത്തിയില്ലെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് പുതിയ സംഭവവികാസം.


Dont Miss തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നു; ഹൈക്കോടതി ജഡ്ജി ചേമ്പറില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സി.ഐയുടെ പരാതി


രാജ്യത്തെ ഞെട്ടിച്ച ദുരന്തം നടന്നിട്ടും ആശുപത്രിയില്‍ പ്രാഥമിക സൗകര്യങ്ങള്‍ പൊലും ഒരുക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

അതേസമയം രാജസ്ഥാനിലും സമാനമായ സംഭവം റിപ്പോര്‍ട്ടു ചെയ്തു. ബിന്‍സ്വാരയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തില്‍ 51 ദിവസത്തിനിടെ 86 വനജാത ശിശുക്കള്‍ മരിച്ചതായാണ് വിവരം. ഇതില്‍ 37 കുഞ്ഞുങ്ങളും മരിച്ചത് ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥ കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 51 ദിവസത്തിനിടെ ഇവിടെ 86 കുഞ്ഞുങ്ങള്‍ മരിച്ചതായി ബന്‍സ്‌വാര ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. എച്ച്.എല്‍. തബിയാര്‍ സ്ഥിരീകരിച്ചു. നാല് ആഴ്ചയില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 86 കുഞ്ഞുങ്ങള്‍ മരിച്ചതായി കണ്ടെത്തിയത്.