എഡിറ്റര്‍
എഡിറ്റര്‍
‘ഈ മരണത്തിന് നിങ്ങള്‍ ഉത്തരം പറഞ്ഞേ മതിയാകൂ’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുട്ടിയുടെ പിതാവ് യു.പി ആരോഗ്യമന്ത്രിയ്‌ക്കെതിരെ പരാതി നല്‍കി
എഡിറ്റര്‍
Wednesday 16th August 2017 10:15pm

നോയ്ഡ: ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ശ്വാസം കിട്ടാതെ മരിച്ച കുട്ടിയുടെ പിതാവ് ഉത്തര്‍പ്രദേശ് സംസ്ഥാന ആരോഗ്യമന്ത്രിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആരോഗ്യമന്ത്രിയ്ക്കു പുറമെ മെഡിക്കല്‍ എജ്യൂക്കേഷന്‍ മിനിസ്റ്റര്‍ക്കും ഗോരഖ്പൂരിലെ ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ രാജ്ഭര്‍ ആണ് തന്റെ കുഞ്ഞിന്റെ മരണത്തില്‍ മന്ത്രിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 10ാം തിയ്യതിയായിരുന്നു ഇയാള്‍ തന്റെ കുട്ടിയെ ആശുപ്രതിയില്‍ അഡ്മിറ്റ് ചെയ്യുന്നത്.

ഓക്‌സിജന്റെ അഭാവമാണ് തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗും മെഡിക്കല്‍ എജ്യൂക്കേഷന്‍ മിനിസ്റ്റര്‍ ആഷുതോഷ് ടണ്ടനും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓഫ് ഹെല്‍ത്ത് പ്രശാന്ത് ത്രിവേദിയുമാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദിയെന്നും തന്റെ പരാതിയില്‍ രാജ്ഭര്‍ പറയുന്നുണ്ട്.


Also Read:  ‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം


പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. 14ാം തിയ്യതി നല്‍കിയ പരാതി ഫയല്‍
ചെയ്തിട്ടുണ്ടെങ്കിലും ഇതുവരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

നേരത്തെ, ഗോരഖ്പൂര്‍ ശിശുമരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിരംഗത്തെത്തിയിരുന്നു. ദേശീയ തലത്തില്‍ തന്നെ യു.പി സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ച ഗോരഖ്പൂര്‍ ദുരന്തമുണ്ടായി ഒരാഴ്ചയോടടുക്കുമ്പോഴാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

‘കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ചില പ്രകൃതി ദുരന്തങ്ങള്‍ ുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച വലിയൊരു ദുരന്തവുമുണ്ടായി. പ്രകൃതി ദുരന്തവും ഗോരഖ്പൂരിലെ ദുരന്തവും കാരണം ദു:ഖമനുഭവിക്കുന്നവര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഇന്ത്യന്‍ ജനത നിലകൊള്ളും.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഗോരഖ്പൂരില്‍ 70 ലേറെ കുട്ടികളുടെ മരണത്തിന് കാരണമായ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി ഈ വിഷയത്തില്‍ പാലിച്ച മൗനം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ ചെറിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വരെ നടുക്കം രേഖപ്പെടുത്തിയും അനുശോചനം അറിയിച്ചും ട്വിറ്ററിലൂടെ രംഗത്തുവരാറുള്ള പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.

Advertisement