ന്യൂദല്‍ഹി: ഇന്ത്യയിലെ പത്ത് പ്രധാന നഗരങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന പത്ത് പത്രങ്ങളുടെ ഇന്നത്തെ തലക്കെട്ട് രണ്ടുദിവസം മുന്‍പ് പ്രവചിച്ച് ഗോപിനാഥ് മുതുകാട് മാന്ത്രികലോകത്ത് വീണ്ടും അത്ഭുതമൊരുക്കി. ദല്‍ഹിയിലായിരുന്നു മുതുകാടിന്റെ പ്രവചനം നടന്നത്.

പത്രങ്ങളുടെ തലക്കെട്ട് വെള്ളിയാഴ്ച എഴുതി പ്രത്യേകം പെട്ടിയിലാക്കി കൊണാട്ട് പ്ലേസിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചു. പ്രത്യേകം താഴിട്ടുപൂട്ടിയ ഏഴ് പെട്ടിക്കുള്ളിലായിരുന്നു തലക്കെട്ടുകളടങ്ങിയ കൊച്ചുപെട്ടി സൂക്ഷിച്ചിരുന്നത്.

ഈ ഏഴ് പെട്ടികളുടെയും താക്കോല്‍ ഏഴ് പ്രമുഖരുടെ കൈവശം സൂക്ഷിക്കാനേല്‍പ്പിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ പെട്ടികള്‍ തുടക്കാനായി ബാങ്കില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിന് എല്ലാവരുമെത്തി. പെട്ടികള്‍ തുറക്കുന്നതിന് മുമ്പ് മുതുകാട് പ്രത്യേകം അഴികള്‍ ഘടിപ്പിച്ച ഒരു കൂടിനുള്ളിലേക്ക് കയറി നിന്നു. പരിപാടിയുടെ സുതാര്യത ഉറപ്പിക്കാനായി പെട്ടികള്‍ തുറക്കുന്നതും ചടങ്ങുകളും പൂര്‍ണമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പെട്ടിതുറന്നപ്പോള്‍ എല്ലാവര്‍ക്കും ഞെട്ടല്‍. മുതുകാടിന്റെ പ്രവചനങ്ങള്‍ കറകറക്ട്.

മാതൃഭൂമി, മലയാള മനോരമ, ദേശാഭിമാനി തുടങ്ങിയ മലയാള പത്രങ്ങളുടെ തലക്കെട്ടും മുതുകാട് പ്രവചിച്ചതില്‍ ഉള്‍പ്പെടുന്നു.