gopi-kottamurikkalകൊച്ചി: പെരുമാറ്റ ദൂഷ്യ ആരോപണ വിധേയനായ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് പകരം ചുമതല. ജില്ലാ കമ്മിറ്റി ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായി. പകരം സെക്രട്ടേറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റക്കാണ് ചുമതസ- വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു.

കോടിയേരി ബാലകൃഷ്ണനും എം.സി ജോസഫൈനും പങ്കെടുത്ത യോഗത്തിലാണ് കോട്ടമുറിക്കലിനെ മാറ്റാന്‍ തീരുമാനമായത്. പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് കോട്ടമുറിക്കലിനെതിരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പരാതി നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിക്കാന്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ കോട്ടമുറിക്കലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി ഓഫീസില്‍ വെച്ച് പോലും പെരുമാറ്റ ദൂഷ്യം നടക്കുന്നതായി ചിലര്‍ ഈ യോഗത്തില്‍ ആരോപിച്ചിരുന്നു.

നേരത്തെ വി.എസ് പക്ഷക്കാരനായിരുന്ന കോട്ടമുറിക്കല്‍ എച്ച്.എം.ടി ഭൂമി വിവാദത്തോടെയാണ് ഔദ്യോഗിക പക്ഷത്തേക്ക് കൂറ് മാറിയത്. ഇപ്പോള്‍ പിണറായി വിജയന്റെ ശക്തനായ വക്താവാണ് ഗോപി.