ചണ്ഡീഗഢ്: മുന്‍ എയര്‍ഹോസ്റ്റസ് ഗീതികാ ശര്‍മ്മ ആത്മഹത്യചെയ്ത കേസിലെ പ്രതിയും ഹരിയാന മുന്‍ ആഭ്യന്തരസഹമന്ത്രിയുമായ ഗോപാല്‍ കന്ദ കീഴടങ്ങി. ദല്‍ഹി അശോക് വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഗോപാല്‍ കന്ദ നേരിട്ടെത്തി കീഴടങ്ങിയത്.

Ads By Google

Subscribe Us:

പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ 13 ദിവസമായി കന്ദ ഒളിവിലായിരുന്നു. കന്ദയ്‌ക്കെതിരെ ദല്‍ഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ മാസം 24ന് മുന്‍പ്‌ ജാമ്യമില്ലാ വാറന്റ് നടപ്പാക്കാനാണ് അഡീഷനല്‍ ചീഫ് മജിസ്‌ട്രേട്ട് ഉത്തരവിട്ടത്.

അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന നോട്ടീസിനോട് പ്രതികരിക്കാതെ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറന്റിനായി ദല്‍ഹി പൊലീസ് സംഘം കോടതിയെ സമീപിച്ചത്.

ആത്മഹത്യചെയ്ത 23 കാരിയായ ഗീതികാ ശര്‍മ കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍. എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്നു. കമ്പനി പൂട്ടിയതോടെ ഗീതിക എമിറേറ്റ്‌സിലേക്ക് മാറാന്‍ തീരുമാനിച്ചു.

ഇതില്‍ പ്രകോപിതനായ മന്ത്രി ഗീതികയെ മാനസികമായി പീഡിപ്പിച്ചതായാണ് ആരോപണം. ഇതേതുടര്‍ന്നാണ് ഗീതിക ആത്മഹത്യ ചെയ്തതെന്നാണ് അറിയുന്നത്. മന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും മരണശേഷം പോലീസ് കണ്ടെടുത്തിരുന്നു.

ഇത് പുറത്തുവന്നതോടെ ആഭ്യന്തര സഹമന്ത്രി സ്ഥാനം കന്ദ രാജിവെച്ചു. കേസുമായി ബന്ധപ്പെട്ട് ഗോപാല്‍ കന്ദയുടെ സഹോദരന്‍ ഗോവിന്ദ് കന്ദയെ വെള്ളിയാഴ്ച വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കന്ദയുടെ എയര്‍ലൈന്‍സ് കമ്പനി ജീവനക്കാരനായ അരുണ്‍ ഛന്ദയെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു.