ന്യൂദല്‍ഹി: ആഘോഷവേളകളെ അവിസ്മരണീയമാക്കാനുള്ള അവസരങ്ങളൊന്നും ഗൂഗിള്‍ ഒഴിവാക്കാറില്ല. സെര്‍ച്ച് പേജില്‍ ആകര്‍ഷകമായ ഡൂഡിലൊരുക്കിയാണ് ഗുഗിള്‍ ക്രിസ്തുമസിനെ വരവേല്‍ക്കുന്നത്.

ക്രിസ്തുമസുമായി ബന്ധപ്പെട്ട 17 ചിത്രങ്ങളാണ് ഗുഗിള്‍ സെര്‍ച്ച് പേജില്‍ ഒരുക്കിയിരിക്കുന്നത്. 27 ഡിസംബര്‍ വരെ ഈ ഡൂഡിള്‍ സെര്‍ച്ച് പേജില്‍ കാണാം. ത്രീഡി രൂപത്തിലാണ് ഓരോ പെയിന്റിംഗും ചിത്രീകരിച്ചിരിക്കുന്നത്. ഓരോ പെയിന്റിംഗിലും ക്ലിക്ക് ചെയ്ത് അതത് ചിത്രങ്ങളുടെ ചരിത്രം മനസിലാക്കാനുള്ള സൗകര്യവുമുണ്ട്.

സെന്റ് ബസലിക്ക ദേവാലയം, ഏതന്‍സിലെ അക്രോപോലിസ്, വിശിഷ്ട മധുരപലഹാരങ്ങളായ പെറോഗി, ബെച് ഡി നോല്‍, ജപ്പാനിലെ ഫ്യൂജി പര്‍വതം, ചൈനയിലെ വന്‍മതില്‍ തുടങ്ങിയവയാണ് പുതിയ ഡൂഡില്‍. ഇന്ത്യയുടെ പ്രശസ്തമായ നൃത്തരൂപവും ഡൂഡിലില്‍ ഇടംപിടിച്ചിട്ടുണ്ട്.

സഹാറ മരൂഭൂമി, നേപ്പാള്‍, ചിലിയിലെ മുന്തിരിത്തോട്ടങ്ങള്‍, ആഫ്രിക്കന്‍ വസ്ത്രമായ കാംഗ, ഹെന്ന ലാംപ് എന്നിവയും ക്രിസ്തുമസ് ഡൂഡിലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.