ലണ്ടന്‍: സാങ്കേതിവിദ്യാ രംഗത്ത് പരീക്ഷണങ്ങളുടെ തമ്പുരാനായാണ് ഗൂഗിളിനെ വാഴ്ത്തുന്നത്. ഓരോ നിമിഷവും പുതിയ പുതിയ സാധ്യതകള്‍ തേടിപ്പോവുകയാണ് ഗൂഗിള്‍. ശരീരം മൊത്തം സ്‌കാനിംഗ് നടത്താവുന്ന ‘ബോഡി സ്‌കാനര്‍ ബ്രൗസറു’മായാണ് ഏറ്റവുമൊടുവില്‍ ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.

3D സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ളതാണ് പുതിയ സംവിധാനം. മെഡിക്കല്‍ ഗവേഷണരംഗത്തും അനാട്ടമിയിലും വിപ്ലവം വരുത്താനുതകുന്ന സംവിധാനമാണിതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ‘ഗുഗിള്‍ എര്‍ത്ത’ില്‍ ലോകത്തെ സ്‌കാന്‍ ചെയ്യുന്നതുപോലെയായിരിക്കും ബ്രൗസറിലൂടെയുള്ള ശരീരത്തിന്റെ സ്‌കാനിംഗും.

‘വെബ് ജി എല്‍’ സംവിധാനത്തിന്റെ സഹായത്തോടെയാണ് പുതിയ ബ്രൗസറിന്റെ പ്രവര്‍ത്തനം. ജാവ, ഫഌഷ് പ്ലേയര്‍ എന്നിവയുടെ സഹായമില്ലാതെ സാധാരണ വെബ് പേജില്‍ പുതിയ സംവിധാനം ലഭ്യമാകും. എന്നാല്‍ പുതിയ ബ്രൗസറിന്റെ കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.http://bodybrowser.googlelabs.com എന്ന സൈറ്റില്‍ നിന്നും ‘വെബ് ജി എല്‍’ ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.