ഹൈദരാബാദ്: ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ നിന്നും 300 എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. കമ്പ്യൂട്ടര്‍ സെര്‍ച്ചിംഗ് രംഗത്ത് വേഗത വര്‍ധിപ്പിക്കാനും കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് ത്വരിതപ്പെടുത്താനുമാണ് പുതിയ നീക്കം.

കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള മറ്റ് ആധുനിക ടെക്‌നിക്കല്‍ ഉപകരണങ്ങള്‍ക്കും സഹായകമായ സോഫ്റ്റ്‌വെയര്‍ രൂപീകരണത്തിനുള്ള ‘ ക്ലൗഡ് കമ്പ്യൂട്ടിംഗ്’ പദ്ധതിയിലേക്കാണ് എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്.

ഹൈദരാബാദ് ആസ്ഥാനമാക്കി ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം. നിലവില്‍ 300ലധികം എഞ്ചിനീയര്‍മാര്‍ ഹൈദരാബാദിലെയും ബാംഗ്ലൂരിലെയും ഗൂഗിള്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലും ഇത്തരം ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്റുകളുണ്ട്. നിലവില്‍ 2000ലധികം ആളുകള്‍ ഗൂഗിളിന്റെ ഇന്ത്യയിലെ വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്നുണ്ട്.