സാന്‍ ഫ്രാന്‍സിസ്‌കോ: സംഗീത പ്രേമികള്‍ കാത്തിരിക്കുക. ലോകമെമ്പാടുമുള്ള ടെക്-സംഗീത പ്രിയരെ പാട്ടിലാക്കാനായി സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന്റെ പുതിയ സംരംഭം ‘ ഗൂഗിള്‍ ബീറ്റ’ ഉടനേ പ്രവര്‍ത്തനക്ഷമമാകും.വീഡിയോ ഓപ്പറേറ്റര്‍സ് കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ പുതിയ സംവിധാനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചിരിക്കുന്നത്.

സംഗീതപ്രേമികളുടെ കൈവശമുള്ള കലക്ഷനുകളെല്ലാം നെറ്റില്‍ അപ്‌ലോഡ് ചെയ്യാനും ഇഷ്ടമുള്ളവ ശ്രവിക്കാനും സൗകര്യമൊരുക്കുന്നതാണ് ഗൂഗിള്‍ മ്യൂസിക് ബീറ്റാ. ആന്‍ഡ്രോയ്ഡ് ഫോണിലും ടാബ്‌ലറ്റുകളിലും ഇത് പ്രവര്‍ത്തനക്ഷമമാകും. കഴിഞ്ഞവര്‍ഷം നടന്ന കോണ്‍ഫറന്‍സില്‍ ഇത്തരമൊരു സംവിധാനത്തിന്റെ പ്രഖ്യാപനം വന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

എതിരാളികളായ ആമസോണ്‍ ക്ലൗഡ് പ്ലേയറിനും ആപ്പിളിന്റെ ഐ-ട്യൂണിനുമെല്ലാം ഗൂഗിള്‍ മ്യൂസിക് ബീറ്റാ കടുത്ത ഭീഷണിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതിരാളികളുടെ സംവിധാനങ്ങളേക്കാള്‍ അനായാസം മ്യൂസിക് അപ്‌ലോഡ് ചെയ്യാനും കേള്‍ക്കാനും സഹായിക്കുന്നതാണ് തങ്ങളുടേതെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

മ്യൂസിക് ബീറ്റയ്ക്കായുള്ള പ്രോഗ്രാം നിങ്ങളുടെ വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതിയാകും. ഏതാണ്ട് 20,000 പാട്ടുകള്‍ വരെ ഒരാള്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ചിലവ് അല്‍പ്പം കൂടുമെന്നതിനാല്‍ മ്യൂസിക് ബീറ്റ എത്രത്തോളം കുതിപ്പു നടത്തുമെന്ന കാര്യത്തില്‍ ഗൂഗിളിന് സംശയമുണ്ട്.