ബാംഗ്ലൂര്‍: ലോകരാഷ്ട്രങ്ങളുടെ പ്രമുഖ നഗരങ്ങളുടെ രേഖാചിത്രം തയ്യാറാക്കുന്ന ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ഇന്ത്യയിലേക്കും. ഇന്ത്യയില്‍ മെട്രോ നഗരമായ ബാംഗ്ലൂരിന്റെ ചിത്രങ്ങളായിരിക്കും ആദ്യഘട്ടത്തില്‍ ഗൂഗിള്‍ ശേഖരിക്കുക.

പ്രത്യേക ക്യാമറ ഘടിപ്പിച്ച ഗൂഗിളിന്റെ കാറുകളും ട്രൈക്കുകളുമാണ് ദൃശ്യങ്ങള്‍ ശേഖരിക്കുക. പൊതുസ്ഥലങ്ങളുടെയും മറ്റ് പ്രധാന നിരത്തുകളുടേയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തും. തുടര്‍ന്ന് ഇതിന്റെ സ്ട്രീറ്റ് വ്യൂ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും.

ഗൂഗിള്‍ മാപ്പിലെ സ്ട്രീറ്റ് വ്യൂ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. 27ലധികം രാഷ്ട്രങ്ങളിലെ വിവിധ നഗരങ്ങളുടെ ദൃശ്യങ്ങള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്.