കെയ്‌റോ: മുസ്‌ലിം വിരുദ്ധ സിനിമ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് യൂട്യൂബ് തന്നെ നിരോധിച്ചതിന് പിന്നാലെ ഗൂഗിള്‍ സര്‍വീസ് തന്നെ നിര്‍ത്തലാക്കാന്‍ ഈജിപ്ത് വാര്‍ത്താ വിതരണമന്ത്രാലയം തീരുമാനിച്ചു.

ദേശീയ വാര്‍ത്താവകുപ്പ് മേധാവി അബ്ദല്‍ റഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. മുസ്‌ലിം വിരുദ്ധ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് യൂട്യൂബ് നേരത്തേ ഈജിപ്തില്‍ വിലക്കിയിരുന്നു. അതിന് പിന്നാലെയാണ് ഗൂഗിളിനും നിരോധനം ഏര്‍പ്പെടുത്തുന്നത്.

Ads By Google

കോടതി വിധിയെ തുടര്‍ന്ന് ഒരുമാസത്തേക്കായിരുന്നു യൂട്യൂബ് വിലക്കിയിരുന്നത്. സാമൂഹ്യസമാധാനം തകര്‍ക്കുന്നതാണ് യൂട്യൂബില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോ എന്ന പരാതിയെ തുടര്‍ന്നായിരുന്നു യൂട്യൂബിന് വിലക്കേര്‍പ്പെടുത്തിയത്.

വിവാദമായ ഇസ്‌ലാം വിരുദ്ധ സിനിമ ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസി’ന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച  എട്ടുപേര്‍ക്ക് ഈജിപ്തിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു.

ഇസ്‌ലാമിനെ പരസ്യമായി അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തതിലൂടെ ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും ദേശത്തിന്റെ അഖണ്ഡതക്ക് ഇവര്‍ പരിക്കേല്‍പ്പിച്ചുവെന്നും ആരോപിച്ചായിരുന്നു വധശിക്ഷ.

സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മാര്‍ക് ബസേലി യൂസുഫിനെ കാലിഫോര്‍ണിയ കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചിരുന്നു.