സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് രംഗത്തെ കിരീടംവെച്ച രാജാവിന് ജോലിക്കാരെ ആവശ്യമുണ്ട്. എതിരാളികളുടെ വരവിനെ ചെറുക്കാനും ബിസിനസ് വ്യാപിപ്പിക്കുന്നതിനുമാണ് ഗൂഗിള്‍ ജോലിക്കാരെ തേടുന്നത്.

ഫെയ്‌സ്ബുക്കിന്റെ ഈ-മെയില്‍ വന്നതോടെയാണ് ഗൂഗിള്‍ ആളുകളെ കൂടുതലായി നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ സോഫ്റ്റ് വെയര്‍, പരസ്യം എന്നീ വിഭാഗങ്ങളിലേക്കും നിയമനമുണ്ട്. ഏതാണ്ട് 20,00ലധികം സാങ്കേതികതികവാര്‍ന്ന ആളുകളെയാണ് കമ്പനി അന്വേഷിക്കുന്നത്.

നിലവില്‍ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗിന്റെ മൂന്നില്‍ രണ്ടുഭാഗവും ഗൂഗിളിന്റെ കീഴിലാണ്. അതിനിടെ നിലവിലെ ജോലിക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനും ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്.

നേരത്തേ ഗൂഗിള്‍ ഇന്ത്യയില്‍ നിന്നും 300 എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള മറ്റ് ആധുനിക ടെക്‌നിക്കല്‍ ഉപകരണങ്ങള്‍ക്കും സഹായകമായ സോഫ്റ്റ്‌വെയര്‍ രൂപീകരണത്തിനുള്ള ‘ ക്ലൗഡ് കമ്പ്യൂട്ടിംഗ്’ പദ്ധതിയിലേക്കാണ് എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്.