എഡിറ്റര്‍
എഡിറ്റര്‍
വിദഗ്ധരുമായി ലൈവ് വീഡിയോ ചാറ്റ് സൗകര്യമൊരുക്കി ഗൂഗിള്‍
എഡിറ്റര്‍
Tuesday 5th November 2013 2:33pm

google-helpout

സാന്‍ ഫ്രാന്‍സിസ്‌കോ: ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് മുതല്‍ മാര്യേജ് കൗണ്‍സലിങ് വരെയുള്ള വിഷയങ്ങളില്‍ വിദഗ്ധരുമായി ലൈവ് ചാറ്റ് സൗകര്യം.

കണ്‍സ്യൂമേഴ്‌സിനായി ഗൂഗിള്‍ നല്‍കുന്ന പുതിയ സര്‍വീസാണിത്. ഗൂഗിള്‍ ഹെല്‍പ് ഔട്ട് സര്‍വീസ് എന്നാണ് പേര്.

ഏകദേശം ആയിരത്തോളം വിദഗ്ധര്‍ ഈ സര്‍വീസില്‍ ഗൂഗിളിനോട് സഹകരിക്കും. ഫാഷന്‍, കമ്പ്യൂട്ടര്‍, ഫിറ്റ്‌നെസ് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ വണ്‍ ഓണ്‍ വണ്‍ വീഡിയോ കണ്‍സള്‍ട്ടേഷന്‍ സാധ്യമാണ്.

ഏതാനും മിനിട്ടുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീളാം. ഇത് വിഷയത്തെ ആശ്രയിച്ചിരിക്കും.

കൃത്യമായ വിവരങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കുന്നതില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഗൂഗിളിന്റെ വെബ് സെര്‍ച്ച് സര്‍വീസിന്റെ മറ്റൊരു രൂപമാണ് പുതിയ വീഡിയോ കണ്‍സള്‍ട്ടേഷന്‍.

ലോകത്തിലെ നമ്പര്‍ വണ്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ മികച്ച മൂവിയും മറ്റും കണ്ടെത്താന്‍ ആളുകള്‍ ഫെയ്‌സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയെയാണ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളുടെ അഭിപ്രായമാണല്ലോ സെര്‍ച്ച് എഞ്ചിന്‍ പറയുന്നതിലും മികച്ചത്.

‘ലോകത്തില്‍ ഏറ്റവും പ്രയോജനകരമായ ഭൂരിഭാഗം അറിവുകളും മനുഷ്യമനസ്സില്‍ തന്നെയാണുള്ളത്.’ ഗൂഗിളിന്റെ എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റായ ഉദി മാന്‍ബര്‍ ചൂണ്ടിക്കാട്ടുന്നു.
‘അത്തരം അറിവുകളിലേയ്ക്ക് തുറന്ന് പിടിച്ച ഒരു ജാലകമാണ് ഹെല്‍പ് ഔട്ട്.’

ഹെല്‍പ് ഔട്ട് സര്‍വീസ് വെബ്‌സൈറ്റുകളില്‍ ഗൂഗിളിന്റെ കര്‍ശന മേല്‍നോട്ടം ഉണ്ടാവുമെന്ന് മാന്‍ബര്‍ പറയുന്നു. പ്രത്യേകിച്ച് മെഡിക്കല്‍ വിഷയങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് അതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് ഉറപ്പ് വരുത്തും.

വിദഗ്ധരായ വ്യക്തികള്‍ കൂടാതെ സെഫോറ, വെയ്റ്റ് വാച്ചേഴ്‌സ്, റോസെറ്റ സ്‌റ്റോണ്‍ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളും വീഡിയോ ചാറ്റിലെത്തും.

വീഡിയോ ചാറ്റിനായി സേവനദാതാക്കള്‍ ഈടാക്കുന്ന തുകയുടെ 20 ശതമാനം ഗൂഗിളിനുള്ളതാണ്.

വീഡിയോ ചാറ്റിലെ വിദഗ്ധരെക്കുറിച്ചും ഗൂഗിളിനെക്കുറിച്ചുമുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കഴിയും.

വീഡിയോ കണ്‍സള്‍ട്ടേഷനില്‍ കണ്‍സ്യൂമര്‍ സംതൃപ്തനല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നും കമ്പനി പറയുന്നു.

Advertisement