ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന് ഇന്ന് പതിനാലാം പിറന്നാള്‍. പിറന്നാളിനോടനുബന്ധിച്ച് ഇന്ന് പ്രത്യേക ലോഗോയാണ് സര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ നല്‍കിയിരിക്കുന്നത്. പതിനാല് വര്‍ഷം സൂചിപ്പിക്കാനായി ചോക്ലേറ്റ് കേക്ക് ലോഗോയില്‍ പതിനാല് മെഴുകുതിരികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Ads By Google

അതേസമയം. ഗൂഗിളിന്റെ പിറന്നാള്‍ തിയ്യതി സംബന്ധിച്ച്  ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗൂഗിളിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചത് സെപ്റ്റംബര്‍ രണ്ടിനായിരുന്നു. വിക്കിപീഡിയയില്‍ സെപ്റ്റംബര്‍ നാലാണ് ഗൂഗിളിന്റെ സ്ഥാപകദിനമായി നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ ഗൂഗിള്‍ ഡൊമെയില്‍ റജിസ്റ്റര്‍ ചെയ്ത സെപ്റ്റംബര്‍ പതിനഞ്ചും പിറന്നാള്‍ ദിനമായി ആഘോഷിക്കുന്നുണ്ട്.

1996 ജനുവരിയില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥികളായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിളിന്റെ ജനനം. വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള പരീക്ഷണമാണ് ഇവര്‍ തുടങ്ങിയത്. ആദ്യ തെരച്ചിലില്‍ സംവിധാനത്തിന് ബാക്ക് റബ് എന്ന പേര് നല്‍കി. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്കും ട്വിറ്ററും ഗൂഗിളിനെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.