വാഷിങ്ടണ്‍ : ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ചൈനയില്‍ ഏര്‍പ്പെടുത്തിയ സെന്‍സറിങ് ഒഴിവാക്കിയതായും ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ സൈറ്റ് ഹോങ്കോങിലേക്കു മാറ്റിയതായും ഗൂഗിള്‍ വക്താക്കള്‍ അറിയിച്ചു. ഇനി മുതല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള സൈറ്റാണ് ചൈനയിലുള്ളവര്‍ക്ക് ലഭ്യമാവുക. ചൈനയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുകയില്ലെന്നും ഗവേഷണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗൂഗിള്‍ വ്യക്തമാക്കിട്ടുണ്ട്.

ചൈനയുടെ അമിത സെന്‍സര്‍ഷിപ്പും ഹാക്കിങും സെര്‍ച്ചിങ്ങില്‍ ഏര്‍പ്പെടുത്തിയതു മൂലം ചൈനയെ ഒഴിവാക്കുമെന്ന് ജനുവരി 12ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ചൈനയുമായി രമ്യമായ പരിഹാരത്തിന് ഗൂഗിള്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ആരോപണത്തെ പാടേ നിഷേധിക്കുകയായിരുന്നു ചൈന. ചൈനയിലെ നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ഗൂഗിള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ നടപടി . ഗൂഗിളിന്റെ ഈ തീരുമാനം ചൈനയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.