വാഷിംങ്ടണ്‍: യാഹുവിനെ ഏറ്റെടുക്കുന്നതിന് ഗൂഗിള്‍ ധനസഹായം നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഏത് കമ്പനിയാണ് യാഹുവിനെ ഏറ്റെടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ഗൂഗിളിന്റെ പ്രധാന പ്രതിയോഗിയാണ് യാഹു. യാഹുവിനെ ഒതുക്കി സര്‍വാധിപത്യം നേടാനുള്ള ഗൂഗിളിന്റെ ശ്രമമാണിതെന്ന ആരോപണമുണ്ടാവുമെന്നിനാല്‍ രഹസ്യമായാണ് ഇടപാട് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യാഹുവിനെ സാമ്പത്തിക സഹായം നല്‍കുക വഴി ഇന്റര്‍നെറ്റ് മേഖലയിലെ മത്സരം നിലനിര്‍ത്തുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഒപുസ് റിസര്‍ച്ചിലെ നിരീക്ഷന്‍ ഗ്രേഗ് സ്‌ട്രൈര്‍ലിംഗ് പറയുന്നു. ഇന്റര്‍നെറ്റ് മേഖലയിലെ ഗൂഗിളിന്റെ ആധിപത്യം സംശയത്തോടെ നോക്കികാണുന്ന സാഹചര്യത്തിലാണ് യാഹുവിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ഗൂഗിള്‍ ശ്രമിക്കുന്നത്. ഗൂഗിളിന്റെ ഏകാധിപത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അന്വേഷിക്കുന്നുണ്ട്. മത്സരം നിലച്ചാല്‍ ഇത് ഗൂഗിളിനെതിരായ അന്വേഷണത്തിന് ബലം പകരും. അതിനാലാണ് യാഹുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നും പറയുന്നവരുണ്ട്.

Subscribe Us:

നിലവില്‍ ഗൂഗിളിന്റെ ബിസിനസ് രീതികള്‍ യു.എസ്. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ സൂക്ഷ്മായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരസ്യമായി യാഹുവിനെ സഹായിക്കാന്‍ ഗൂഗിളിനാവില്ല. മുന്‍പ് യാഹുവിന്റെ പരസ്യം നല്‍കാന്‍ ഗൂഗിള്‍ ഒരുങ്ങിയ അവസരത്തില്‍ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് പിന്മാറേണ്ടിവന്നിരുന്നു.

പരസ്യരംഗത്ത് യാഹുവിന് ഗൂഗിള്‍ വലിയ വെല്ലുവിളിയായിരുന്നു. യാഹുവിനെ ഏറെ പിന്നിലാക്കി ഈ രംഗത്ത് ഗൂഗിള്‍ മുന്നേറിയതോടെ യാഹുവിന്റെ സ്ഥിതി പരുങ്ങലിലാവുകയായിരുന്നു.