സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സങ്കേതമായ ‘ബസ്’ (buzz) സേവനം നിര്‍ത്തുന്നു. വെള്ളിയാഴ്ചയാണ് ഗൂഗിള്‍ പ്രോഡക്ട് വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി ഹൊറോവിറ്റ്‌സ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്പനി പുതുതായി ആരംഭിച്ച ഗൂഗിള്‍ പ്ലസിന് (Google+) കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ഈ നടപടി.

ബസിനോടൊപ്പം കോഡ് സെര്‍ച്ച് എഞ്ചിന്‍, ജയ്ക്കു, ഐ-ഗൂഗിള്‍ തുടങ്ങിയ സേവനങ്ങളും നിര്‍ത്താന്‍ ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ ബ്രാഡ്‌ലി ഹൊറോവിറ്റ്‌സ് വ്യക്തമാക്കിയത്. കൂടുതല്‍ ജനപ്രിയ സര്‍വീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബസ് നിര്‍ത്തലാക്കും. അതു കഴിഞ്ഞാല്‍ ഗൂഗിള്‍ ബസില്‍ അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. നിലവുള്ള ഉള്ളടക്കം ഗൂഗിള്‍ പ്രൊഫൈലില്‍ കാണാനാകും. ഗൂഗിള്‍ ടേക്കൗട്ടിന്റെ സഹായത്തോടെ ഡൗണ്‍ലോഡ് ചെയ്യാനുമാകും.

2010 ഫെബ്രുവരിയിലാണ് ഗൂഗിള്‍ ബസ് അവതരിപ്പിക്കപ്പെട്ടത്. ഫേസ്ബുക്കിന് ബദലെന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട ബസ് പക്ഷേ അത്ര വിജയിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് 2011 ജൂണ്‍ 28ന് ഗൂഗിള്‍ പ്ലസ് അവതരിപ്പിക്കപ്പെട്ടത്.