Categories

ഗൂഗിളിനെ തകര്‍ക്കാന്‍ ചൈനയുടെ ‘ഗോസോ’

സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ‘നല്ലബന്ധ’ ത്തിന്റെ കഥ എല്ലാവര്‍ക്കും നന്നായറിയാം. ഗൂഗിളിനെ തകര്‍ക്കാനുള്ള ഒരുശ്രമവും ചൈനീസ് അധികാരികള്‍ പാഴാക്കാറില്ല. ഗൂഗിള്‍ റിസല്‍ട്ടുകളെ നിരോധിച്ചും ഗൂഗിളിന്റെ ഓഫീസ് പ്രവര്‍ത്തനത്തെ തടഞ്ഞും ചൈന വാര്‍ത്ത സൃഷ്ടിക്കാറുണ്ട്.

എന്നാല്‍ ഗൂഗിളിനുതന്നെ ബദലായി മറ്റൊരു സെര്‍ച്ച് എന്‍ജിന്‍ രംഗത്തിറക്കിയാണ് ഇത്തവണ ചൈന രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ 420 മില്യണിലധികം വരുന്ന നെറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ‘ഗോസോ.സിഎന്‍’ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ചൈനയിലെ ഏറ്റവും വലിയ പത്രമായ ‘പീപ്പിള്‍സ് ഡെയ്‌ലി’ യാണ് പുതിയ സംരഭം പുറത്തിറക്കിയതെന്നതാണ് രസകരമായ വസ്തുത.

ജനങ്ങളെ ഗൂഗിളില്‍ നിന്നും അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഗോസോ പുറത്തിറക്കിയിരിക്കുന്നത്. അച്ചടി മാധ്യമ രംഗത്ത് ഇതിനികംതന്നെ മുന്നിലുള്ള പീപ്പിള്‍സ് ഡെയ്‌ലി ഇന്റനെറ്റ് രംഗവും കൈപ്പിടിയിലൊതുക്കാനുള്ള നീക്കത്തിലാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ആറുമാസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഗോസോ പുറത്തിറക്കിയത്.

സാങ്കേതികരംഗത്ത് സ്വന്തം കാലില്‍ നില്‍ക്കാനും അതുവഴി ആഗോളരംഗത്ത് ശക്തമായ മല്‍സരം സൃഷ്ടിക്കാനുമാണ് ഗോസോ പുറത്തിറക്കിയതെന്ന് പീപ്പിള്‍സ് ഡെയ്‌ലി പ്രസിഡന്റ് സാംങ് യാനോങ് പറഞ്ഞു. നിലവില്‍ അന്താരാഷ്ട്രഭീമന്‍മാര്‍ സൃഷിടിച്ച നിയമസംഹിതകളാണ് ഇന്റര്‍നെറ്റ് രംഗത്തെ നിയന്ത്രിക്കുന്നതെന്നും ഈ രംഗത്ത് ചൈനയ്ക്ക് സ്വന്തമായൊരു മേല്‍വിലാസം നല്‍കാന്‍ പുതിയ സെര്‍ച്ച് എന്‍ജിന്‍ ഉപകരിക്കുമെന്നും യാനോങ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ചൈനയും ഗൂഗിളും തമ്മിലുള്ള ‘ശീതയുദ്ധം’ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഗൂഗിള്‍ സെര്‍ച്ചിലൂടെ സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഗൂഗിളിനെ സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ കര്‍ശനമായ ഉപാധികളോടെ പ്രവര്‍ത്തനം തുടരാന്‍ ഗൂഗിളിനെ അനുവദിക്കുകയായിരുന്നു.

എന്നാല്‍ വിക്കിലീക്‌സ് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ചൈന-ഗൂഗിള്‍ ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തി. ചൈനയില്‍ ഗൂഗിളിന് നേരിടേണ്ടിവന്ന സൈബര്‍ ആക്രമണം ചൈനീസ് അധികൃതര്‍ ‘സ്‌പോണ്‍സര്‍’ ചെയ്തതാണെന്നാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്.

നേരത്തേ ഗൂഗിളിന്റെ മാപ്പിംഗ് സേവനമായ ഗൂഗിള്‍ എര്‍ത്തിന് ബദലായി ചൈന മാപ്പ് വേള്‍ഡ് എന്ന സംവിധാനം പുറത്തിറക്കിയിരുന്നു. അതിനിടെ ഗൂഗിള്‍ ചൈനയില്‍ നിന്നും പിന്‍മാറാനുദ്ദേശിക്കുന്നു എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. എന്തായാലും സാങ്കേതിക രംഗത്ത് ആക്രമണ-പ്രതിരോധ നീക്കങ്ങളിലൂടെ ചൈനയും ഗൂഗിളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.