Categories

റോഡുകള്‍ കീഴടക്കാന്‍ ഗൂഗിളും ആപ്പിളുമെത്തുന്നു


എസ്സേയ്‌സ്: നസീബ ഹംസ


കാലം വല്ലാതെ മാറി. ഇപ്പോള്‍ എല്ലാം സ്മാര്‍ട് ആവണമെന്നാണ് യൂത്തിന്റെ ആഗ്രഹം. ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ സന്നദ്ധരായുള്ള കുറേ സ്മാര്‍ട് കമ്പനികളും നാട്ടിലുള്ളത് കൊണ്ട് ആഗ്രഹം അല്‍പ്പം കടന്നുപോയാലും കുഴപ്പമില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, കാറുകളും സ്മാര്‍ട്ടായിരിക്കണമെന്നാണ് ഗൂഗിളും ആപ്പിളുമൊക്കെ പറയുന്നത്. മൊബൈലില്‍ തുടങ്ങിയ സ്മാര്‍ട് വിപ്ലവം വാച്ചിലൂടെ കടന്ന് കാറുകളിലെത്തി എന്നുവേണം കരുതാന്‍. സ്മാര്‍ട് കാറുകള്‍ ഇറക്കാന്‍ കാര്‍ കമ്പനികളെക്കാള്‍ ഉത്സാഹിക്കുന്നത് ആപ്പിളും ഗൂഗിളുമൊക്കെയാണെന്നതാണ് ഏറെ രസകരം.

Ads By Google

ലോകത്തെ ആദ്യ സെല്‍ഫ് ഡ്രൈവിങ് കാര്‍ അവതരിപ്പിച്ചാണ് ഗൂഗിള്‍ സകലരേയും ഞെട്ടിച്ചിരിക്കുന്നത്. ഇതിനായി ഗൂഗിള്‍ തിരഞ്ഞെടുത്തതാകട്ടെ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടേയും ലക്‌സസിന്റേയും കാറുകള്‍. ടെസ്റ്റ് ഡ്രൈവിനായി നിരത്തിലിറങ്ങിയ ഗൂഗിള്‍ സ്മാര്‍ട്ട് കാര്‍ കഴിഞ്ഞ ദിവസം സ്മാര്‍ട്ടായി പിന്നിട്ടത് 30,000 കിലോമീറ്ററാണ്. ടെസ്റ്റ് ഡ്രൈവിന് അനുമതി ലഭിച്ചതിന് ശേഷം അപകടമൊന്നും വരുത്താതെ ഇത്രയും ദൂരം പിന്നിടുന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ടൊയോട്ട, ലെക്‌സസ് കാറുകളില്‍ അല്‍പ്പം പരീക്ഷണം നടത്തിയാണ് ഗൂഗിള്‍ അതിനെ സ്മാര്‍ട് കാറാക്കിയത്.
ഗൂഗിളിന് പിന്നാലെ യു.എസ്സിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകാലാശാലയിലെ ഡയനാമിക് ഡിസൈന്‍ ലാബും സെല്‍ഫ് ഡ്രൈവിങ് കാറുമായി രംഗത്തെത്തിയിട്ടുണ്ട്. ഫോക്‌സ് വാഗനാണ് സര്‍വ്വകലാശാലയുടെ സ്മാര്‍ട് സെല്‍ഫ് ഡ്രൈവിങ് കാറായി രൂപാന്തരപ്പെട്ടത്. ഷെല്ലി എന്നുപേരിട്ടിരിക്കുന്ന കാര്‍ മണിക്കൂറില്‍ 120 മൈല്‍ വേഗതയിലാണ് ടെസ്റ്റ് ഡ്രൈവ് നടത്തിയത്.

ലോകത്തിലെ മുന്‍നിര ടാബ്ലറ്റ് കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും സ്മാര്‍ട് കാര്‍ നിര്‍മാണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആപ്പിളിന് വേണ്ടി ഇറ്റലിക്കാരനായ ലിവിയു ടഡോറന്‍ എന്ന ഡിസൈനറാണ് കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഐമൂവ്(imove) എന്നാണ് ആപ്പിളിന്റെ സ്മാര്‍ട് കാറിന്റെ പേര്.

സ്റ്റിയറിങ് ഇല്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സ്റ്റിയറിങിന് പകരം ഒരു ടച്ച് സ്‌ക്രീന്‍ പാനലാണ് ഉണ്ടാകുക. വാഹനം നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ ബട്ടണുകളും ഈ പാനലില്‍ ഉണ്ടാകും.

ഡാഷ്‌ബോര്‍ഡ് മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന തരത്തിലാണ് ടച്ച്‌സ്‌ക്രീന്‍ പാനല്‍ നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ആപ്പിളിന്റെ പുതിയ ഐപാഡിലും ഐഫോണിലുമുള്ള എല്ലാ ആപല്‍ക്കേഷനുകളും ഐമൂവ് ഇലക്ട്രിക് കാറിലുമുണ്ട്. ആപ്പിളിന്റെ മക്കിന്റോഷ് മൗസിന്റെ ആകൃതിയിലാണ് ഐമൂവ് കാറിന്റെ മുകള്‍വശം രൂപകല്‍പന ചെയ്തിരിക്കുന്നത്.

മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഐ മൂവിന്റെ രൂപഘടന. കൂടാതെ ആവശ്യത്തിന് ലഗേജ് സ്‌പേസും ഇതിനുണ്ടാകും. വിവിധ നിറങ്ങളില്‍ ലഭ്യമാകുന്ന ഐ മൂവിന്റെ പുറത്തെ നിറം ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റാമെന്ന പ്രത്യേകതയുമുണ്ട്.

ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ സ്വപ്‌നമായിരുന്ന ഐകാര്‍ പദ്ധതിയാണ് ഇപ്പോള്‍ ഐമൂവ് എന്ന പേരില്‍ ആപ്പിള്‍ അവതരിപ്പിക്കുന്നത്. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഐമൂവ് കാറിന്റെ വിലയെ സംബന്ധിച്ചോ, പുറത്തിറക്കുന്ന വര്‍ഷത്തെക്കുറിച്ചോ യാതൊരു വിവരവും ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല.

സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരും സ്മാര്‍ട്‌ഫോണ്‍ ചക്രവര്‍ത്തികളുമൊക്കെ ഇങ്ങനെ സ്മാര്‍ട്ടായി കാര്‍ നിര്‍മാണരംഗത്തേക്ക് കടന്നുവന്നാല്‍ പിടിച്ചു നില്‍ക്കാന്‍ തങ്ങളും സ്മാര്‍ട്ടായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് പ്രമുഖ കാര്‍ നിര്‍മാതാക്കളും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദകാറുമായും കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ നേരത്തേ വിപണിയിലെത്തിയിരുന്നു. നിസ്സാന്‍ ലീഫിന്റെ(image nissan leaf) കാര്യമാണ് പറഞ്ഞുവരുന്നത്. വീട്ടില്‍ വെച്ചുതന്നെ ചാര്‍ജ് ചെയ്യാമെന്നതാണ് നിസ്സാന്‍ ലീഫിന്റെ പ്രത്യേകത. കാറിലെ വൈദ്യുതി വീട്ടാവശ്യങ്ങള്‍ക്കുമുപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വെറും മുപ്പ്ത മിനുട്ട്‌കൊണ്ട് കാര്‍ ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ വരെ നിസ്സാന്‍ ലീഫ് ഓടും. ലീഫ് ടു ഹോം ഇലക്ട്രിസിറ്റി സപൈഌസിസ്റ്റം എന്നാണു നിസാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വെദ്യുതിക്കു പുറമെ സൗരോര്‍ജവും കാറ്റാടിയില്‍നിന്നുള്ള വൈദ്യുതിയും ലീഫില്‍ ഉപയോഗിക്കാം. മറ്റ് ഇന്ധനങ്ങള്‍ അല്പം പോലും ഉപയോഗിക്കാത്തതിനാല്‍ മലിനീകരണത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോള്‍ ലീഫ് ഓടുന്നുണ്ട്. വൈകാതെ ഇന്ത്യന്‍ നിരത്തുകളിലും ലീഫിനെ പ്രതീക്ഷിക്കാം.

യു.എസ്സിലെ മസാച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത മറ്റൊരു കാറായ ഹിരികോയെ(image hiriko) കുറിച്ചാണ് ഇനി പറയുന്നത്. സ്പാനിഷ് ഏജന്‍സിയായ ഡെനോകിന്നുമായി ചേര്‍ന്നാണ് സിറ്റി നാനോ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ ഓട്ടോ റിക്ഷകളുടെ വലുപ്പമുളള കാറാണ് ഹിരികോ. പാര്‍ക്കിങ് സ്ഥലത്ത് സ്വയം ഒതുങ്ങി മടങ്ങുമെന്നതാണ് ഹിരികോയുടെ പ്രത്യേകത. കാറിന്റെ മുന്നിലേയും പിന്നിലേയും ടയറുകള്‍ അടുത്ത് കാര്‍ ചെറുതാവുകയാണ് ചെയ്യുന്നത്.

ഇലക്ട്രോണിക് കാറായ ഹിരികോ ഒറ്റത്തവണ റീചാര്‍ജ് ചെയ്താല്‍ 75 കി.മി വരെ യാത്ര ചെയ്യാം. രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഹിരീക്കോ നിര്‍മിച്ചിരിക്കുന്നത്. യൂറോപ്യന്‍ റോഡുകളില്‍ വിജയകരമായി ടെസ്റ്റ് ഡ്രൈവ് നടത്തിയ ഹിരീകോ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തുമെന്നാണ് അറിയുന്നത്. ഏകദേശം എട്ട് ലക്ഷം രൂപയാണ് ഇതിന്റെ വിലയായി പറയുന്നത്.

പറക്കുന്ന കാര്‍ എന്നത് സിനിമകളിലും കാര്‍ട്ടൂണുകളിലും മാത്രമാണ് ഇതിനുമുമ്പ് കണ്ടതെങ്കില്‍ അത്തരം കാറുകളെ ഉടനെ നമ്മുടെ റോഡുകളിലും പ്രതീക്ഷിക്കാം. ഫോക്‌സ് വാഗന്‍ അവതരിപ്പിക്കുന്ന പുതിയ കാര്‍ റോഡുകളിലൂടെ പോവുകയല്ല, മറിച്ച് റോഡ് തൊടാതെ പറക്കുകയാണ് ചെയ്യുക. റോഡിലൂടെ ഒന്നോ രണ്ടോ അടി ഉയരത്തില്‍ പറക്കുന്ന കാറുകളാണ് ഫോക്‌സ് വാഗണ്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഹോവര്‍ കാര്‍ എന്ന വിളിപ്പേരുള്ള ഈ കാറിനെ പരിചയപ്പടുത്തിക്കൊണ്ടുള്ള വീഡിയോ തയ്യാറാക്കി ഫോക്‌സ് വാഗന്‍ യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.

ജിജ്ഞാസുക്കളായ ദമ്പതികള്‍ ഹോവര്‍ കാറില്‍ കയറി സഞ്ചരിക്കുന്നതാണ് വീഡിയോയുടെ പൊരുള്‍. ഇതിലൂടെ ഫല്‍യിംഗ് കാറിന്റെ സവിശേഷതകള്‍ അനാവരണം ചെയ്യപ്പെടുന്നു. തുടര്‍ന്ന് തിരക്കാര്‍ന്ന വിവിധ പാതകളിലൂടെയും നഗരങ്ങളിലൂടെയും ആ കാര്‍ പറക്കുന്നു. ഇരുവശങ്ങളിലുമുള്ളവരും മറ്റ് വാഹനങ്ങളിലുമുള്ളവരും പറക്കും കാറിനെ കൗതുകത്തോടെ നോക്കി നില്‍ക്കുകയാണ്.

ഫോക്‌സ് വാഗന്‍ കഴിഞ്ഞ വര്‍ഷം പീപ്പിള്‍സ് കാര്‍സ് പ്രൊജക്ട് എന്നൊരു പദ്ധതി ചൈനയില്‍ ആരംഭിച്ചിരുന്നു. കാറുകളുമായി ബന്ധപ്പെട്ട നൂതന സങ്കല്‍പ്പങ്ങള്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. തല്‍ഫലമായി പ്രൊജക്ട് വെബ്‌സൈറ്റ് 33ദശലക്ഷം പേര്‍ സന്ദര്‍ശിക്കുകയും 119,000 പുതിയ കാര്‍ കണ്‍സപ്റ്റുകള്‍ കമ്പനിക്ക് ലഭിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍പ്പെട്ട അപൂര്‍വ്വമായ കണ്‍സെപ്റ്റാണ് ഹോവര്‍ കാര്‍.

ഇത്തരമൊരു കാര്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും സാങ്കേതിക വിദ്യ ഇത്തരത്തില്‍ വികസിക്കുകയാണെങ്കില്‍ ഇതിലും വലുത് സംഭവിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

എന്തായാലും കാത്തിരിക്കാം, പറക്കുന്നതും മടക്കുന്നതുമൊക്കെയായ നല്ല സ്മാര്‍ട്കാറുകള്‍ക്കായി…

Tagged with: