സിഡ്‌നി: ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ‘ദ ലേഡി വാനിഷെസ്’ എന്ന ചിത്രത്തിലൂടെ ചലിച്ചിത്രലോകത്ത് പ്രശസ്തയായ ബ്രിട്ടീഷ് നാടക, സിനിമാ നടി ഗൂജി വിതേഴ്‌സ് അന്തരിച്ചു. 94 വയസായിരുന്നു. സിഡ്‌നിയിലെ വസതിയിലായിരുന്നു അന്ത്യം.

Subscribe Us:

1917ല്‍ കറാച്ചിയില്‍ ബ്രിട്ടീഷ് നാവികന്‍ ജോര്‍ജറ്റി വിതേഴ്‌സിന്റെയും ഡച്ച് മാതാവിന്റെയും മകളായി ജനിച്ച ഗൂജി 12ാം വയസിലാണ് അഭിനയ ലോകത്തെത്തിയത്. 1935ല്‍ ‘വിന്‍ഡ്ഫാള്‍’ എന്ന ചിത്രത്തിലൂടെയാണ് വിതേഴ്‌സ് സിനിമയിലെത്തിയത്.

അതേ വര്‍ഷം തന്നെ അഞ്ചു ചിത്രങ്ങളില്‍ വിതേഴ്‌സ് വേഷമിട്ടു. തൊണ്ണൂറുകളുടെ അന്ത്യം വരെ ചലിച്ചിത്രലോകത്തെ നിറസാന്നിധ്യമായിരുന്നു അവര്‍. 1996ല്‍ പുറത്തിറങ്ങിയ ‘ഷൈന്‍’എന്ന ഓസ്‌ട്രേലിയന്‍ ചിത്രത്തിലെ വേഷത്തിനു ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.

നിരവധി നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രലോകത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഓസ്‌ട്രേലിയ വിതേഴ്‌സിനെ ഓഫീസര്‍ സ്ഥാനത്തേയ്ക്കു ഉയര്‍ത്തിയിരുന്നു. ഈ പദവി ലഭിച്ച ആദ്യത്തെ വിദേശിയായിരുന്നു വിതേഴ്‌സ്. പിന്നീട് ബ്രിട്ടീഷ് ഭരണകൂടം വിതേഴ്‌സിനു കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചിരുന്നു.