ഭുവനേശ്വര്‍: ഒറീസയിലെ കിയോന്‍ജിഹാര്‍ ജില്ലയില്‍ ചരക്കുതീവണ്ടികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ബുധനാഴ്ച പുലര്‍ച്ചെ തിഗിരിയപ്പള്ളിക്കു സമീപമാണ് അപകടം നടന്നത്. ഇരുമ്പയിര് കയറ്റിവന്ന തീവണ്ടിയും ചരക്കിറക്കിയ ശേഷം തിരികെ പോവുകയായിരുന്ന തീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു തീവണ്ടികളിലെയും ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.

അപകടസ്ഥലത്ത് ഉന്നത റയില്‍വേ ഉദ്യോഗസ്ഥരെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ചില ട്രെയിനുകള്‍ റദ്ദാക്കി. അപകടത്തെ തുടര്‍ന്ന് പുരി ബന്‍സ്പനി ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.