എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില വര്‍ധനവ്: സംസ്ഥാനത്ത് ചരക്ക് ലോറി സമരം
എഡിറ്റര്‍
Monday 17th September 2012 8:57am

കോഴിക്കോട് : ഡീസല്‍ വിലവര്‍ധനവിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചരക്ക് ലോറി സമരം. ലോറി വാടക 30 ശതമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ കേരളാ സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതലാണ് സമരം.

ഇന്ധനവിലയില്‍ കഴിഞ്ഞ തവണ വര്‍ധനവുണ്ടായപ്പോഴും ലോറിവാടക ഉയര്‍ത്തണമെന്ന ആവശ്യം ഫെഡറേഷന്‍ വ്യാപാരി സംഘടനകളെ അറിയിക്കുകയും ഈ മാസം ഒന്നിന് നോട്ടീസും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 15 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ്‌ സമരം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഹംസ അറിയിച്ചു.

Ads By Google

ഡീസല്‍വില വീണ്ടും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പഴയ നിരക്കില്‍ ചരക്കു ഗതാഗതം നടത്താന്‍ സാധ്യമല്ലെന്നും 30 ശതമാനമെങ്കിലും നിരക്കു വര്‍ധിപ്പിക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്. പുതിയ നിരക്ക് നല്‍കാന്‍ തയാറാകുന്നവര്‍ക്ക് ഇന്നുമുതല്‍ സര്‍വീസ് ലഭ്യമാക്കാനാണ് അസോസിയേഷന്റെ തീരുമാനം.

അതേസമയം, ഡീസല്‍ വിലവര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തെ യാത്രാ നിരക്ക് കൂട്ടാനുള്ള സമ്മര്‍ദ്ദവും ശക്തമാകുന്നുണ്ട്. സ്വകാര്യ ബസ് ഉടമകളും കെ.എസ്.ആര്‍.ടി.സി ബസ്സും ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

പ്രതിമാസം 7 കോടിയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ വര്‍ധനവിലൂടെ ഉണ്ടാകുന്നത്. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവരുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളും ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് ചേരും.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ലെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിലപാട്. ഇന്ധനവില വര്‍ധിപ്പിക്കുമ്പോഴെല്ലാം യാത്രാ നിരക്ക് പരിശോധിക്കാറുണ്ടെന്നും മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement