എഡിറ്റര്‍
എഡിറ്റര്‍
ഹോട്ട്‌മെയിലിന് ഇനി ന്യൂ ലുക്ക്- ഹോട്ട് മെയില്‍ ഇനിമുതല്‍ ഔട്ട്‌ലുക്ക്
എഡിറ്റര്‍
Wednesday 1st August 2012 3:15pm

മൈക്രോസോഫ്റ്റിന്റെ ഇ-മെയില്‍ സര്‍വ്വീസായ ഹോട്ട് മെയില്‍ പേര് മാറ്റിയെത്തുകയാണ്. ഔട്ട് ലുക്ക് ഡോട്ട് കോം എന്ന പേരിലാണ് ഇനിമുതല്‍ ഹോട്ട് മെയില്‍ അറിയപ്പെടുക.

Ads By Google

പഴയ പ്രതാപം ഇന്നില്ലെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ഇ-മെയില്‍ സര്‍വ്വീസുള്ളത് ഹോട്ട് മെയിലിന് തന്നെയാണ്. ലോകത്തെമ്പാടുമായി 324 മില്യണ്‍ ഉപയോക്താക്കളാണ് (വിപണിയില്‍ ഏകദേശം 36 ശതമാനം) ഹോട്ട് മെയിലിനുള്ളത്. ഗൂഗിളിന്റെ ഇ-മെയില്‍ സര്‍വ്വീസായ ജി മെയില്‍ എത്തിയതോടെയാണ് ഹോട്ട്‌മെയിലിന്റെ വിപണി ഇടിഞ്ഞു തുടങ്ങിയത്.
1996 ലാണ് സബീര്‍ ബാട്ടിയയും ജാക്ക് സ്മിത്തും ചേര്‍ന്ന് മൈക്രോസോഫ്റ്റ് ഹോട്ട്‌മെയില്‍ സ്ഥാപിക്കുന്നത്. 400 മില്യണ്‍ ഡോളറാണ് ഇതിനായി മൈക്രോസോഫ്റ്റ് ചിലവഴിച്ചത്.

മൈക്രോസോഫ്റ്റ് ഇ-മെയില്‍ സര്‍വ്വീസ് മേഖലയില്‍ നടത്തുന്ന പ്രധാന പരിഷ്‌കരണമാണിത്‌ . പേരില്‍ മാത്രമല്ല, അടിമുടിയുള്ള മാറ്റമാണ് യഥാര്‍ത്ഥത്തില്‍ ഹോട്ട് മെയിലില്‍ നടക്കുന്നത്.

ഔട്ട്‌ലുക്കിന്റെ പ്രധാന ഇന്‍ പുട്ടുകള്‍ :
– ഹോട്ട് മെയിലിനേക്കാളും 60 ശതമാനം പിക്‌സല്‍ കുറഞ്ഞെത്തുന്ന ഔട്ട്‌ലുക്കില്‍ 30 ശതമാനം അധികം മെസ്സേജുകള്‍ ഒന്നിച്ച് കാണാന്‍ സാധിക്കുമെന്നതാണ് ഔട്ട്‌ലുക്കിന്റെ പ്രധാന സവിശേഷത.
– ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേക്ക് ഔട്ട്‌ലുക്കിലൂടെ നേരിട്ട് കണക്ട് ചെയ്യാമെന്നതും സുഹൃത്തുക്കളുടെ ഫേസ്ബുക്ക് അപ്‌ഡേഷന്‍സും ട്വീറ്റ്‌സും ഔട്ട്‌ലുക്കില്‍ നിന്ന് തന്നെ കാണാന്‍ കഴിയുമെന്നതും ഉപയോക്താക്കള്‍ക്ക് ഏറെ സഹായകരമാകും.
-കൂടാതെ ഔട്ട്‌ലുക്കില്‍ ലോഗിന്‍ ചെയ്തുകൊണ്ട് ഫേസ്ബുക്കിലേയും ട്വിറ്ററിലേയും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും സാധിക്കും. ഫേസ്ബുക്കും ട്വിറ്ററും പ്രത്യേകം ലോഗിന്‍ ചെയ്യേണ്ടെന്ന് ചുരുക്കം.

-ഫേസ്ബുക്ക്, ലിങ്ക്‌ഡെലിന്‍ എന്നീ അക്കൗണ്ടുകളിലെ കോണ്‍ടാക്ടുകള്‍ ഔട്ട്‌ലുക്കിലും കാണാം.
-മൈക്രോസോഫ്റ്റ് ഓഫീസ്(വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ് ഔട്ട്‌ലുക്കില്‍ നിന്നും നേരിട്ട് എഡിറ്റ് ചെയ്യാമെന്നത് ഓഫീസ് ജോലികള്‍ സുഗമമാക്കുന്നു.
-സ്‌കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ സ്‌കൈപ്പ് വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവും ഔട്ട്‌ലുക്ക് ഒരുക്കുന്നു.

 

-ഇ-മെയിലില്‍ അറ്റാച്ച് ചെയ്യുന്ന ഫോട്ടോസ് സ്ലൈഡ് ഷോ ആയി കാണാമെന്നാതാണ് മറ്റൊരു പ്രധാന സവിശേഷത.

-മൈക്രോസോഫ്റ്റ് ക്ലൗഡ് സ്റ്റോറേജ് സര്‍വ്വീസായ സ്‌കൈ ഡ്രൈവോടുകൂടിയെത്തുന്ന ഔട്ട്‌ലുക്ക് അറ്റാച്ച്‌മെന്റ്‌സിന്റെ സൈസ് പരിമിതി കുറച്ച് ഉപയോക്താവിനുണ്ടാകുന്ന സമയ നഷ്ടം കുറക്കുന്നു.
– ഉപയോക്താവിന്റെ സൗകര്യത്തിനായി ന്യൂസ് ലെറ്റര്‍, ഓഫര്‍, ദൈനംദിന ഇടപാടുകള്‍ പോലുള്ള വലിയ മെസേജുകള്‍ കണ്ടെത്തി പ്രത്യേകം ഫോള്‍ഡറിലാക്കാനും ഔട്ട്‌ലുക്ക് സഹായിക്കുന്നു. ഉപയോക്താവിന്റെ ആവശ്യാനുസരണം മെസ്സേജുകള്‍ സോര്‍ട്ട് ചെയ്ത് വെക്കാവുന്നതാണ്.
– നിലവിലെ ഹോട്ട് മെയില്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മെയില്‍ ഐഡിയോ പാസ്‌വേര്‍ഡോ മാറ്റാതെ തന്നെ ഔട്ട്‌ലുക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്. പഴയ അഡ്രസ്സിലെ കോണ്‍ടാക്ടുകളൊന്നും ഇതുവഴി നഷ്ടപ്പെടില്ല.
ഇനി ഔട്ട്‌ലുക്ക് ഡോട്ട് കോമിലേക്ക് മാറിയില്ലെങ്കില്‍ ഐഡി ബ്ലോക്കാവുമെന്ന പേടിയും വേണ്ട. അതേ യൂസര്‍ നെയിം ഉപയോഗിച്ച് തന്നെ തുടര്‍ന്നും അക്കൗണ്ട് ഉപയോഗിക്കാം.

Advertisement