നല്ല ഉറക്കത്തിന് ഏറെ പ്രധാനപ്പെട്ട ഒന്ന് കിടപ്പിന്റെ രീതിയാണ്. നല്ല കിടക്ക ഉണ്ടെങ്കില്‍ കിടപ്പിന്റെ രീതിയില്‍ പകുതി ശരിയായെന്ന് പറയാം. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുന്നതാണ് നല്ലതെന്ന് പൊതുവെ പറയുമെങ്കിലും  എല്ലാവര്‍ക്കും ഒരു പോലെ നല്ലതായ ഒരു കിടപ്പുരീതി ഇല്ല.

Ads By Google

ഓരോരുത്തരുടേയും ശാരീരികാവസ്ഥയ്ക്ക് അനുസരിച്ച് സുഖകരമായ കിടപ്പ് രീതി സ്വീകരിക്കുകയാണ് വേണ്ടത്. ഏതെങ്കിലും ശരീരഭാഗത്തിന് സമ്മര്‍ദ്ദം ഉള്ള രീതിയില്‍ കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നതില്‍ സംശയമില്ല.

അതിനാല്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ സ്വാതന്ത്ര്യം കിട്ടത്തക്ക സ്ഥലം കിടക്കയില്‍ ഉണ്ടാകണം. ഒരേ രീതിയില്‍ മുഴുവന്‍ സമയവും കിടക്കാതിരിക്കുന്നതാണ് നല്ലത്. ശരീരപ്രകൃതം,രോഗങ്ങള്‍, അന്നന്നത്തെ ശാരീരികാവസ്ഥ എന്നിവയ്ക്കനുസരിച്ച് കിടപ്പ് ക്രമീകരിക്കണം.

ഉദാഹരണത്തിന് അസിഡിറ്റിയോ മറ്റ് ഉദരരോഗങ്ങളോ ശ്വാസകോശ രോഗങ്ങളോ ഉള്ളവര്‍ക്ക് അല്പം തല ഉയര്‍ന്ന രീതിയില്‍ കിടക്കുകയാണ് അഭികാമ്യം. എന്നാല്‍ തലയിണയുടെ ഉയരം അല്പം കൂടുതലായാലും പ്രശ്‌നമാണ്. അവ കഴുത്ത് വേദന പോലുള്ള മറ്റ് അസുഖങ്ങള്‍ക്ക് വഴിവെയ്ക്കും.

കഴുത്തുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തലയിണയില്ലാതെ കിടക്കുകയോ കഴുത്ത് പിന്താങ്ങുന്ന ഉരുളന്‍ തലയിണ ഉപയോഗിക്കുകയോ വേണ്ടി വരും. രാവിലെ ഉണരുമ്പോള്‍ ശരീരവേദനയോ ക്ഷീണമോ ഉന്മേഷക്കുറവോ തോന്നുന്നുണ്ടെങ്കില്‍ കിടപ്പ് രീതി ശരിയായോ എന്ന് പരീക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.