എഡിറ്റര്‍
എഡിറ്റര്‍
അഞ്ജാതര്‍ തട്ടിയെടുത്ത രണ്ട് വയസുകാരിയെ റിയാദ് പോലീസ് കണ്ടെത്തി
എഡിറ്റര്‍
Wednesday 2nd December 2015 12:55pm

juryറിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയ രണ്ടുവയസുകാരിയായ ജൂറി അല്‍ ഖാലിദിയെ റിയാദ് പോലീസ് കണ്ടെത്തി.

റിയാദിലെ ഇഷ്ബിലിയാ ജില്ലയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്. കുട്ടിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി റിയാദിലെ വിവിധയിടങ്ങളില്‍ പോലീസ് ശക്തമായ തിരച്ചിലായിരുന്നു നടത്തിയത്.

ഒരു അപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജോലിക്കാരിയുടെ കയ്യിലാണ് തട്ടിക്കൊണ്ടുപോയ വ്യക്തി കുഞ്ഞിനെ ഏല്‍പ്പിച്ചത്. ഇവിടെ നിന്നാണ് പോലീസ്  കുട്ടിയെ കണ്ടെടുത്തത്.

കുട്ടിയെ തട്ടിയെടുത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കുട്ടി ഇപ്പോള്‍ അമ്മയുടേയും അമ്മൂമ്മയുടേയും അടുത്ത് സുരക്ഷിതയാണെന്നും കുട്ടിയുടെ അമ്മാവന്‍ അറിയിച്ചു.

ജൂറിയെ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ റിയാദ് പോലീസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയകളില്‍ വരുന്നത്. മികച്ച പ്രവര്‍ത്തനമാണ് റിയാദ് പോലീസ് നടത്തിയതെന്നും  ജൂറിയെ ദൈവം അനുഗ്രഹിക്കുമെന്നും പോസ്റ്റുകളില്‍ പറയുന്നു.

ജൂറിയെ തട്ടിക്കൊണ്ടു പോയ ദിവസം മുതല്‍ സോഷ്യല്‍മീഡിയകളില്‍ കുഞ്ഞിനായുള്ള കാമ്പയില്‍ ആരംഭിച്ചിരുന്നു. നിരവധിയാളുകളാണ് കുട്ടിയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് അന്വേഷണത്തില്‍ സഹരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നത്. ജൂറി അല്‍  ഖാലിദി എന്ന പേരില്‍ അറബിയില്‍ ഹാഷ് ടാഗ് വരെ നിര്‍മിച്ചിരുന്നു.

ജൂറിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 1 മില്യണ്‍ സൗദി റിയാലായിരുന്നു കുടുംബം പാരിതോഷികമായി പ്രഖ്യാപിച്ചത്

റിയാദിലെ തിരക്കേറിയ ഖുറൈസി റോഡില്‍വെച്ചായിരുന്നു ജൂറിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ അമ്മയോടൊപ്പം റോഡില്‍നിര്‍ത്തി ഒരു ക്ലിനിക്കിനടുത്തുള്ള കടയിലേക്ക് ചില സാധനങ്ങള്‍ വാങ്ങാനായി പിതാവ്  പോയ സമയത്തായിരുന്നു കുട്ടിയെ തട്ടിയെടുത്തത്.

ക്ലിനിക്കില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍ കുട്ടിയുമായി കളിക്കുകയും സംസാരിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛന്റെ ബന്ധുവായിരിക്കാം എന്ന ധാരണയില്‍ കുട്ടിയുടെ അമ്മ അത് അത്ര ശ്രദ്ധിക്കുകയും ചെയ്തിരുന്നില്ല.

അല്പം സമയത്തിനകം തന്നെ കുട്ടിയേയും കൊണ്ട് അയാള്‍ കടന്നുകളയുകയായിരുന്നു.

Advertisement