എഡിറ്റര്‍
എഡിറ്റര്‍
‘അടിപൊളി രാജ്യസ്‌നേഹം!’; സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ ദേശീയ പതാകയ്ക്ക് പകരം കോണ്‍ഗ്രസിന്റെ കൊടി വീശി ബി.ജെ.പി നേതാവ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Friday 18th August 2017 10:32pm

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ഇന്ത്യന്‍ പതാകയ്ക്ക് പകരം കോണ്‍ഗ്രസിന്റെ പതാക വീശി കാണിച്ച് ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവായ ബാബുലാല്‍ ഗോറാണ് സ്വാതന്ത്രദിനാഘോഷത്തിനിടെ കോണ്‍ഗ്രസിന്റെ കൊടി വീശിക്കാണിച്ചത്.

മധ്യപ്രദേശിന്റെ ആഭ്യന്തരമന്ത്രി വരെ ആയിട്ടുള്ള ബാബുലാല്‍ 15ാം തിയ്യതി നടന്ന പരിപാടിയ്ക്കിടെയാണ് കോണ്‍ഗ്രസ് കൊടി പിടിച്ച് അബദ്ധത്തില്‍ ചാടിയത്. കോണ്‍ഗ്രസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന് അബദ്ധം പറ്റിയത്.

ഭോപ്പാലില്‍ നടന്ന പൈഗം എ മൊഹബത്ത് പരിപാടിയ്ക്കിടെയായിരുന്നു സംഭവം. കോണ്‍ഗ്രസ് എം.എല്‍.എയായ അരിഫ് അഖീലായിരുന്നു പരിപാടിയുടെ സംഘാടകന്‍. കോണ്‍ഗ്രസിന്റെ കൊടി വീശുന്ന ബാബുലാലിന്റെ ചിത്രം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


Also Read:  ‘അമ്പട കള്ളാ..; ഇതാണ് എന്റെ ഹൃദയം കവര്‍ന്ന ചിത്രം’; തന്നെ കാണാന്‍ ഫ്‌ളക്‌സ് കീറി തലയിട്ടു നോക്കിയ ആരാധകന്റെ വൈറലായ ചിത്രം പങ്കുവെച്ച് സണ്ണി ലിയോണും


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ അജയ് സിംഗും വേദിയിലുണ്ടായിരുന്നു. നേരത്തെ ബാബുലാലിനെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസ് പലപ്പോഴും ക്ഷണിച്ചിരുന്നെങ്കിലും ബി.ജെ.പി വിടില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ കോണ്‍ഗ്രസിന്റെ കൊടി വീശിയത് അബദ്ധത്തിലായിരുന്നുവെന്നാണ് ബാബുലാല്‍ പറയുന്നത്. കൊടി തന്നെ എല്‍പ്പിച്ചപ്പോള്‍ അതില്‍ കോണ്‍ഗ്രസിന്റെ ചിഹ്നമുണ്ടെന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും ദേശീയ പതാകയാണെന്നു കരുതിയാണ് വീശിയതെന്നുമാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.

Advertisement