ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനായി രൂപീകരിച്ച പ്രത്യേക മന്ത്രിതല സമിതിയുടെ യോഗം ഇന്നു നടക്കും. ഗെയിംസ് കൊടിയിറങ്ങിയതിനുശേഷം നടക്കുന്ന ആദ്യയോഗമാണ് ഇത്. ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതികളും മറ്റുകാര്യങ്ങളും യോഗം ചര്‍ച്ചചെയ്യും.

ഗെയിംസിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കാലാവധി നീ്ട്ടുന്നതുസംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. അതിനിടെ ഗെയിംസിന് അനുവദിച്ച പണം ചിലവഴിച്ചതുമായി ബന്ധപ്പെട്ട് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ‘വാക്‌പോരാട്ടം’ ആരംഭിച്ചിട്ടുണ്ട്.

ഗെയിംസിനായി കേന്ദ്രം അനുവദിച്ച 1,600 കോടി ചെലവഴിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഷീലാ ദീക്ഷിത് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ അഴിമതി ആദ്യം അന്വേഷിക്കട്ടെയെന്നായിരുന്നു കല്‍മാഡി പ്രതികരിച്ച്. ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിച്ച് ഈമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.