മാഡ്രിഡ്: സീവ് ബാലെസ്‌ട്രോസ് അന്തരിച്ചു. ഗോള്‍ഫിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന് 54 വയസായിരുന്നു. അര്‍ബുദ രോഗബാധിതയെത്തുടര്‍ന്നായിരുന്നു മരണം. വടക്കന്‍ സ്‌പെയിനിലെ പെഡ്രനയിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. തലച്ചോറിലെ ട്യൂമര്‍ നീക്കംചെയ്യുന്നതിനു നാലുതവണ സീവിനെ ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ശ്രമം പൂര്‍ണമായും വിജയം കണ്ടില്ല.

16 ാം വയസിലാണ്  സീവ് ഗോള്‍ഫിലേക്കു തിരിഞ്ഞത്. സ്പാനിഷ് ഗോള്‍ഫില്‍ ഒരു യുഗത്തിന്റെ അന്ത്യമാണ് സീവിന്റെ വാര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്.

മാഡ്രിഡ് വിമാനത്താവളത്തില്‍ ബോധംകെട്ടു വീണതിനെ തുടര്‍ന്നു 2008 ല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് സീവിന്റെ രോഗബാധ മനസ്സിലാക്കാന്‍ സാധിച്ചത്. വിദഗ്ധചികിത്സ തേടിയെങ്കിലും സീവിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.

അഞ്ചു തവണ ലോക ചാമ്പ്യനായ സീവ് 2007 ലാണ് കരിയറില്‍നിന്നു വിരമിച്ചത്. 1985, 1987, 1989 സീസണുകളില്‍ സീവ് റൈഡേഴ്‌സ് കപ്പ് നേടിയിട്ടുണ്ട. ഒമ്പതു പിജിഎ ടൂര്‍ കിരീടവും 50 യൂറോപ്യന്‍ കിരീടവും നേടിയിട്ടുണ്ട്. 1986, 1988, 1991 സീസണുകളില്‍ യൂറോപ്യന്‍ ടൂര്‍ പ്ലയര്‍ ഓഫ് ദ ഇയറായിരുന്നു സീവ് ബാലെസ്‌ട്രോസ്. യൂറോപ്യന്‍ ടൂറിലെ അദ്ദേഹത്തിന്റെ കിരീടനേട്ടം സര്‍വ്വകാല റിക്കാര്‍ഡാണ്.