കണ്ണൂര്‍: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ലഷ്‌കര്‍ ഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികളായ കവര്‍ച്ചാസംഘം പിടിയില്‍.

കെ.പി ഷബീര്‍, പൂക്കാട്ട്പടി ബോംബ് ഇസ്മയില്‍ എന്നിവരാണ് പിടിയിലായത്. കെ.പി ഷബീര്‍ കണ്ണൂര്‍ സ്വദേശിയാണ്. ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കവര്‍ച്ച ആസൂത്രണം ചെയ്തത് തടിയന്റവിട നസീറാണെന്നും ക്രൈബ്രാഞ്ച് വ്യക്തമാക്കി. ഇതേകേസില്‍ ഇവരുടെ കൂട്ടാളികളായിരുന്ന താജുദ്ദീന്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലിലാണ്. മറ്റുരണ്ടുപേര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.

ഭീകരപ്രവര്‍ത്തനത്തിന് പണം സമാഹരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. പത്തുവര്‍ഷം മുന്‍പ് കാച്ചാപ്പള്ളി ജ്വല്ലറി ഉടമയില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണം കവര്‍ന്നത്.
2002 ലാണ് കേരളത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ പല ഭീകരപ്രവര്‍ത്തനങ്ങളും നടന്നത്. ഇതിനെല്ലാം വേണ്ടിയുള്ള പണസമാഹാരത്തിനാണ് കവര്‍ച്ചയെന്നാണ് ക്രൈബ്രാഞ്ചിന്റെ വിലയിരുത്തല്‍.