Categories

സ്വര്‍ണക്കടത്ത്: പ്രതികളുടെ സിനിമാ ബന്ധം അന്വേഷിക്കും

gold

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സിനിമാ ബന്ധം അന്വേഷിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറിയിച്ചു. സ്വര്‍ണക്കടത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ റാഹിലയ്ക്ക് സിനിമാക്കാരുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് റാഹിലയ്ക്ക് സിനിമാക്കാരെ പരിചയപ്പെടുത്തിയത്. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ഫയാസിന് സിനിമാ ബന്ധമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

വിമാനത്താവളങ്ങള്‍ വഴി അമ്പതിലേറെ തവണ സ്വര്‍ണം കടത്തിയെന്ന് പിടിയിലായ എയര്‍ഹോസ്റ്റസ് വയനാട് പുല്‍പ്പള്ളി സ്വദേശിനി വി.എസ്. ഹിറോമാസയും റാഹിലയും മൊഴി നല്‍കിയിരുന്നു.

32 കിലോ സ്വര്‍ണമാണ് മൊത്തം കടത്തിയത്. സ്വര്‍ണം കടത്തുന്നത് കൊടുവള്ളി, തലശ്ശേരി ഭാഗത്തെ ബിസിനസുകാര്‍ക്ക് വേണ്ടിയാണെന്നും മൊഴിയില്‍ പറയുന്നുണ്ട്.

ജൂലൈ മുതല്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി ഇവര്‍ 11 കോടിയുടെ സ്വര്‍ണം കടത്തിയതായാണ് വിവരം. കൊച്ചി, കരിപ്പൂര്‍, ചെന്നൈ വിമാനത്താവളങ്ങള്‍ വഴിയാണ് സ്വര്‍ണം കടത്തിയത്.

ജീന്‍സിന്റെ പോക്കറ്റുകളിലും വസ്ത്രങ്ങളിലെ രഹസ്യ അറകളിലുമായാണ് ഇവര്‍ സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.

ഇവരെ കൂടാതെ സ്വര്‍ണക്കടത്ത് സംഘത്തില്‍ അമ്മയും രണ്ട് മക്കളുമുണ്ടെന്ന് ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചതായാണ് അറിയുന്നത്. കേസിലെ മറ്റൊരു പ്രതി ഷഹബാസിന് കോഴിക്കോട് ജ്വല്ലറിയുണ്ട്. ഷഹബാസിന്റെ മാനേജറായിരുന്നു അറസ്റ്റിലായ റാഹില.

സ്വര്‍ണക്കടത്ത് കേസിലെ പോലീസിന് അന്വേഷിക്കുന്ന അബ്ദുല്‍ ലെയ്ഫിന് കൊടുവള്ളിയിലെ എം.പി.സി.ഐ ആസ്പത്രിയുണ്ടെന്നാണ് അറിയുന്നത്.  ഇതേ പേരില്‍ തന്നെ ദുബായില്‍ ഇയാള്‍ക്ക് ട്രേഡിങ് കമ്പനിയുമുണ്ട്.

തലശ്ശേരി സ്വദേശി ജസീലയാണ് സ്വര്‍ണം കടത്തിയവരില്‍ ഒരാളെന്ന് റാഹില മൊഴി നല്‍കി. സ്വര്‍ണം കടത്തുന്നതിന് ഇടനിലക്കാരിയായ ഫര്‍സീനയുടെ അമ്മയാണ് ജസീല. ഇവരുള്‍പ്പടെ നാല് സ്ത്രീകളാണ് സംഘത്തിലുള്ളത്.

അതേസമയം ഫയാസ്, ആരിഫ, ഹാരിസ്, ഹാഫിസ് തുടങ്ങി പിടിയിലായ 4 പ്രതികളുടേയും മേല്‍ കൊഫേപോസ ചുമത്തണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. പ്രതികളെ വിചാരണ കൂടാതെ തന്നെ ഒരു വര്‍ഷം തടവിലിടാന്‍ കഴിയുന്നതാണ് ഈ നിയമം

Tagged with: