Categories

സ്വര്‍ണക്കടത്തില്‍ ജോയ് ആലുക്കാസും

joy-alukkas

നെടുമ്പാശേരി: സംസ്ഥാനത്ത് തുടരുന്ന സ്വര്‍ണവേട്ടയില്‍ പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസും പ്രതിക്കൂട്ടില്‍.

ജോയ് ആലുക്കാസിലേയ്ക്ക് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 9.5 കിലോ സ്വര്‍ണമാണ് ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിച്ചത്. വിമാനത്താവളത്തിന് പുറത്ത് വാഹനത്തില്‍ നിന്നായിരുന്നു ഇത് പിടിച്ചത്. പഴയ സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളുമായിരുന്നു പിടിച്ചെടുത്ത സ്വര്‍ണത്തിലുണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട്  തൃശൂര്‍ സ്വദേശി ജെറിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജോയ് ആലുക്കാസ് ജീവനക്കാരനാണെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

രാവിലെ ദല്‍ഹിയില്‍ നിന്നുമാണ് ജെറിന്‍ നെടുമ്പാശേരിയില്‍ എത്തിയത്. സ്വര്‍ണത്തിന് കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചെങ്കിലും വില്‍പനനികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജോയ് ആലുക്കാസിന്റെ ഹരിയാനയിലെ ആഭരണശാലയില്‍ നിന്നും അയച്ചതാണ് ഇതെന്ന് നികുതി വകുപ്പ് ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. പഴയ ആഭരണങ്ങള്‍ പുതുക്കിപ്പണിത് വിറ്റഴിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.

തൃശൂര്‍, മഹാരാഷ്ട്ര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ ജോയ് ആലുക്കാസ് ശാഖകളിലേയ്ക്കുള്ള സ്വര്‍ണവും  ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണമായതിനാല്‍ പിഴയുള്‍പ്പെടെ സാധാരണയിലും കൂടുതല്‍ നികുതി അടയ്‌ക്കേണ്ടി വരും. ഏകദേശം 50 ലക്ഷം രൂപ നികുതി അടക്കേണ്ടി വരും എന്നാണ് സൂചന.

വാണിജ്യനികുതി ഇന്റലിജന്‍സ് കമ്മീഷണര്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

നേരത്തെ മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കടത്തില്‍ പ്രതിപ്പട്ടികയില്‍ എത്തിയിരുന്നു. കരിപ്പൂരില്‍ നിന്ന് പിടിയിലായ ഷഹബാസ് എന്നയാളില്‍ നിന്നും 10 കിലോ സ്വര്‍ണം വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കിയിരുന്നു.

Tagged with: |