എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണക്കടത്ത്: മലബാര്‍ ഗോള്‍ഡ് ഡയരക്ടറെ ആറാം പ്രതിയാക്കാന്‍ കോടതി അനുമതി
എഡിറ്റര്‍
Tuesday 26th November 2013 3:05pm

malabar-gold

എറണാകുളം: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിനുള്ള ബന്ധം വ്യക്തമായ സാഹചര്യത്തില്‍ മലബാര്‍ ഗോള്‍ഡ് ഡയരക്ടറെ ആറാം പ്രതിയാക്കാന്‍ കോടതി അനുമതി നല്‍കി.

മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കാന്‍ റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറി വാങ്ങിയെന്ന് റവന്യൂ ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡി.ആര്‍.ഐക്ക് ലഭിച്ചത്.

വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ 39 കിലോ സ്വര്‍ണത്തില്‍ നിന്നും 10 കിലോയാണ് ഷഹബാസ് ജ്വല്ലറിക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് കോഴിക്കോട് റാം മോഹന്‍ റോഡിലുള്ള ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്)റെയ്ഡ് നടത്തുകയും സീല്‍ ചെയ്യുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രി ഓഫീസ് താത്കാലികമായി മുദ്രവെച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ വീണ്ടും റെയ്ഡ് നടത്തുകയായിരുന്നു.

ഡി.ആര്‍. ഐ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജെ കൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് മലബാര്‍ ഗോള്‍ഡിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത്.

മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അഷറഫും കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ട് ജോജിന്‍ ജോര്‍ജ്ജിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു  ഡി.ആര്‍. ഐ സംഘത്തിന്റെ പരിശോധന.

മലബാര്‍ ഗോള്‍ഡിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇന്നലെ സൂചനകള്‍ വന്നപ്പോള്‍ തന്നെ ഈ വാര്‍ത്ത ഡൂള്‍ന്യൂസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതുകാരണം ജ്വല്ലറിയുടെ പേര് വെക്കാതെയായിരുന്നു വാര്‍ത്ത നല്‍കിയത്.

പിന്നീട് ഒരുമണിക്കൂറിന് ശേഷം കൃത്യമായ തെളിവുകള്‍ ലഭിച്ച ശേഷം ജ്വല്ലറിയുടെ പേര് ഉള്‍പ്പെടുത്തി തന്നെ വാര്‍ത്ത നല്‍കി. തുടര്‍ന്ന് മലയാളത്തിലെ മറ്റ് ന്യൂസ് വെബ്‌സൈറ്റുകളും മലബാര്‍ ഗോള്‍ഡിന്റെ പേര് വെച്ച് തന്നെ വാര്‍ത്ത നല്‍കി.

ഉച്ചയ്ക്ക് ശേഷം കൈരളി പീപ്പിള്‍ ടിവിയും ഇന്ത്യാവിഷന്‍ ചാനലും വാര്‍ത്തകള്‍ കൃത്യമായി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മലബാര്‍ ഗ്രൂപ്പിന്റെ വിശദീകരണം നല്‍കാനാണ് മറ്റ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇന്നത്തെ മലയാള മനോരമ പത്രത്തില്‍ റെയ്ഡിനെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് പകരം മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എ.പി അഹമ്മദിന്റെ പ്രസ്താവനയാണ് നല്‍കിയത്.

സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും തങ്ങള്‍ക്കെതിരായി വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും അത് അടിസ്ഥാന രഹിതമാണെന്നുമാണ് പ്രസ്താവനയിലൂടെ അഹമ്മദ് പറഞ്ഞിരുന്നത്.

മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എ.പി അഹമ്മദിന്റെ ഈ പ്രസ്താവനക്കായിരുന്നു ഇന്നലെ മലയാളമനോരമ പ്രാധാന്യം നല്‍കിയത്.

 

Advertisement