കൊച്ചി: കേരളത്തിലെ ആഭരണവിപണിക്ക് തിളക്കമേകാനായി സ്വര്‍ണം-വെള്ളി ആഭരണങ്ങളുടെ പാര്‍ക്ക് വരുന്നു. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌റന്‍ ഗോള്‍ഡ് സൂക്ക് ആണ് 450 കോടിയുടെ ഈ ബൃഹദ്പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

ആഭരണ നിര്‍മാതാക്കളെയും വ്യവസായികളെയും ഉപയോക്താക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുദ്ദേശിച്ചുള്ളതാണ് പാര്‍ക്കെന്ന് കമ്പനി വൈസ് ചെയര്‍മാന്‍ ആശിഷ് ഗുപ്ത പറഞ്ഞു. 2011 സെപ്റ്റംബറോടെ പാര്‍ക്കിന്റെ പ്രാരംഭപ്രവര്‍ത്തനം ആരംഭിക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തിന്റെ ആഭരണവിപണിയില്‍ ഏറെ മാറ്റം വരുത്താനുദ്ദേശിച്ചുള്ള പാര്‍ക്ക് തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും ‘ഗോള്‍ഡ് ഗ്രാന്‍ഡ് മാളു’ കള്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.