മുംബൈ: സ്വര്‍ണം റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നത് ഇറക്കുമതിയെ ബാധിക്കുമെന്ന് വിദഗ്ധര്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ 56 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. വില ഇനിയും കൂടുകയാണെങ്കില്‍ ഇറക്കുമതിയില്‍ ഇനിയും കുറവുണ്ടാകും. നിലവില്‍ 23,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Ads By Google

ആഗോളവിപണിയില്‍ ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വര്‍ണത്തിന്റെ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമായിരുന്നു ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി.

എന്നാല്‍ ഇന്ത്യന്‍ ഇറക്കുമതി പരുങ്ങലിലായതിനാല്‍ ഇന്ത്യക്ക് പകരം മറ്റേതെങ്കിലും രാജ്യം കടന്നുവരേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയോ യൂറോപ്പോ ഇന്ത്യയുടെ സ്ഥാനം കൈയ്യടക്കുമെന്നാണ് നീരീക്ഷകരുടെ വിലയിരുത്തല്‍.

അതേസമയം, ഇന്ത്യയുടെ ഇറക്കുമതി കുറയുന്നത് ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ വിലക്കയറ്റത്തെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തുമെന്നും പ്രതീക്ഷയുണ്ട്. നിലവില്‍ ആഗോള വിപണിയിലെ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,670 ഡോളറാണ്.