കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. പവന് 80 രൂപ കൂടി 24,240 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില ഈ നിരക്കിലെത്തുന്നത്. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. 3,030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.[innerad]

24160 രൂപയായിരുന്നു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. സെപ്റ്റംബര്‍ 14 നായിരുന്നു ഈ നിലവാരം ആദ്യം രേഖപ്പെടുത്തിയത്. പിന്നീട് വില കുറയുകയായിരുന്നു. രണ്ടുമാസങ്ങള്‍ക്ക് ശേഷം  ഇന്നലെ വീണ്ടും 24, 160 രൂപയിലെത്തി.

പവന് 23,240 രൂപയിലാണ് ഈ മാസം സ്വര്‍ണവില തുടങ്ങിയത്. നവംബര്‍ മൂന്നിന് 22,880 രൂപയായിരുന്നു വില മൂന്നാഴ്ച കൊണ്ട് കുത്തനെ ഉയരുകയായിരുന്നു. ശനിയാഴ്ച പവന്‍ വില 24,000 രൂപയിലെത്തി.

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ 50% വിവാഹാവശ്യത്തിനുള്ളതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 ടണ്‍ സ്വര്‍ണം വിറ്റഴിഞ്ഞു.

സുരക്ഷിത നിക്ഷേപമാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണം. വിലക്കയറ്റം, പണത്തിന് മൂല്യം കുറയുക, ഓഹരി വിപണി അടക്കമുളള നിക്ഷേപമാര്‍ഗങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വര്‍ണവില ഉയരും. രാജ്യാന്തര വില ഉയരുന്നതിനൊപ്പം, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിയുന്നത് കൂടിയാകുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുന്നു.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.